ന്യൂസിലാന്‍ഡില്‍ പുതിയ വിദ്യാഭ്യാസ പദ്ധതി; വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 25 മണിക്കൂര്‍ ജോലി ചെയ്ത് വരുമാനം നേടാം
നേരത്തെ 20 മണിക്കൂര്‍ ജോലി ചെയ്യാനുള്ള അനുമതിയായിരുന്നു ഉണ്ടായിരുന്നത്.
ന്യൂസിലാന്‍ഡില്‍ പുതിയ വിദ്യാഭ്യാസ പദ്ധതി. ഇനിമുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 25 മണിക്കൂര്‍ ജോലി ചെയ്ത് വരുമാനം നേടാം. നവംബര്‍ 3 മുതലാണ് ഈ നയമാറ്റം പ്രാബല്യത്തില്‍ വരുന്നത്. നേരത്തെ 20 മണിക്കൂര്‍ ജോലി ചെയ്യാനുള്ള അനുമതിയായിരുന്നു ഉണ്ടായിരുന്നത്. അന്താരാഷ്ട്ര വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ സജീവമാക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാരിന്റെ ഈ തീരുമാനം.
പുതിയ നിയമം നിലവില്‍ വരുന്നതോടെ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ വരുമാനം നേടാനും ചിലവുകളുടെ ഭാരം കുറയ്ക്കാനും സഹായകരമാകും. പ്ലസ്ടുവിന് മിനിമം 50 ശതമാനം മാര്‍ക്കുള്ള കുട്ടികള്‍ക്ക് ന്യൂസിലാന്‍ഡില്‍ അനുയോജ്യമായ കോഴ്‌സുകള്‍ ലഭ്യമാണ്. കൂടാതെ ഐഇഎല്‍ടിഎസ് ഒന്നുമില്ലാതെ തന്നെ അഡ്മിഷന്‍ എടുക്കാന്‍ സാധിക്കും. ഒരു വര്‍ഷത്തെ മാസ്റ്റേഴ്‌സ് പഠനത്തോടൊപ്പം മൂന്നുവര്‍ഷം സ്‌റ്റേ ബാക്ക് ലഭിക്കുന്നത് ന്യൂസിലാന്‍ഡിന്റെ മറ്റൊരു പ്രത്യേകതയാണ്.
പഠനത്തോടൊപ്പം ഫുള്‍ടൈം ജോലി ചെയ്യുവാന്‍ അവസരമുള്ള കോഴ്‌സുകളും ന്യൂസിലന്‍ഡില്‍ ലഭ്യമാണ്. അതേസമയം ഇന്ത്യയില്‍ നിന്ന് ന്യൂസിലാന്റില്‍ വിദ്യാഭ്യാസത്തിനായി പോകുന്നവരുടെ എണ്ണം വര്‍ഷം തോറും കൂടിവരുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്ന് ന്യൂസിലാന്‍ഡിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഫണ്ടിങ്ങില്‍ 47 ശതമാനം വര്‍ദ്ധന ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.