ലണ്ടൻ: ഓക്സ്ഫഡ്-ആസ്ട്രാസെനെക കൊവിഡ് വാക്സിൻ സ്വീകരിച്ച യുവതിയ്ക്ക് ബാധിച്ചത് അപൂർവവും ഗുരുതരവുമായ നാഡീ സംബന്ധ രോഗം എന്ന് ആസ്ട്രസെനെക. ട്രാൻവേഴ്സ് മെലൈറ്റീസ് എന്ന രോഗാവസ്ഥയാണ് യുവതിയിൽ കണ്ടെത്തിയത് എന്ന് അസ്ട്രാസെനെക സിഇഒ പാസ്‌കല്‍ സോറിയറ്റ് പറഞ്ഞു. യുവതി സുഖം പ്രാപിയ്ക്കുകയാണെന്നും എത്രയും വേഗം ആശുപത്രി വിടാനാകുമെന്നും പാസ്‌കല്‍ സോറിയറ്റ് വ്യക്തമാക്കി.
ഓക്സ്ഫഡ് കൊവിഡ് വാക്സിനിന്റെ ആഗോള പരീക്ഷണങ്ങൾ താൽക്കാലികമായി നിർത്തുകയാണെന്നും അസ്ട്രാസെനെക സിഇഒ അറിയിച്ചു. വാക്സിന് സ്വീകരിച്ച യുവതിയ്ക്ക് അപൂർവ രോഗം ബാധിച്ചത് വലിയ ആശങ്ക തന്നെ സൃഷ്ടിച്ചിരിയ്ക്കുകയാണ്. ഇതോടെ വാക്സിന്റെ പരീക്ഷണങ്ങൾ ലോകരാജ്യങ്ങളിൽ താൽക്കാലികമായി നിർത്തിവച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ എന്തുകൊണ്ട് പരീക്ഷണം നിർത്തിവച്ചില്ല എന്ന് ആരാഞ്ഞ് ഡ്രഗ്സ് കൺട്രോൾ ജനറൽ വാക്സിന്റെ ഇന്ത്യയിലെ ചുമതലക്കാരായ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് നോട്ടീസ് അയച്ചിട്ടുണ്ട്.
വാക്സിൻ സ്വീകരിച്ചയാൾക്ക് രോഗബധ ഉണ്ടായതിനെ തുടർന്ന് മറ്റു രാജ്യങ്ങൾ പരീക്ഷണം നിർത്തിവച്ചത് എന്തുകൊണ്ട് അറിയിച്ചില്ല എന്നതിന് വ്യക്തമായ മറുപടി നൽകാൻ ഡ്രഗ്സ് കൺട്രോളർ സെറം ഇൻസ്റ്റിറ്റ്യുട്ടിന് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ആഴ്ചയോടെ പരീക്ഷണം പുനരാരംഭിച്ചേയ്ക്കും എന്നാണ് റിപ്പോർട്ടുകൾ. 2021 ജനുവരിയോടെ വാക്സിൻ വിപണിയിലെത്തിയ്ക്കുകയായിരുന്നു ലക്ഷ്യം ഇതിനിടെയാണ് അപ്രതീക്ഷിത തിരിച്ചടി.