India vs Pakistan Tension: 'അവര്‍ ഇങ്ങോട്ട് ആക്രമിച്ചാല്‍ ആണവായുധം ഉപയോഗിക്കും'; ഭീഷണി തുടര്‍ന്ന് പാക്കിസ്ഥാന്‍
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ തിരിച്ചടിക്കാന്‍ സാധ്യതയുണ്ടെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു
India vs Pakistan Tension: ഇന്ത്യയില്‍ നിന്ന് ഭീഷണി ഉണ്ടായാല്‍ ആണവായുധം ഉപയോഗിക്കാനും തയ്യാറെന്ന് സൂചന നല്‍കി പാക്കിസ്ഥാന്‍. ഇന്ത്യയില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും ഒരു തിരിച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാന്‍ ഭയക്കുന്നു. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ സൈന്യത്തിനു നിര്‍ദേശം നല്‍കി.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ തിരിച്ചടിക്കാന്‍ സാധ്യതയുണ്ടെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു. ഇന്ത്യയില്‍നിന്ന് ഉടന്‍ സൈനികാക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഖ്വാജ മുഹമ്മദ് റോയിട്ടേഴ്‌സിനു നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്.
' ഇന്ത്യയില്‍ നിന്ന് ഉണ്ടാകാന്‍ സാധ്യതയുള്ള ആക്രമണത്തെ കുറിച്ച് പാക്കിസ്ഥാന്‍ സൈന്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ സൈന്യത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഞങ്ങളുടെ നിലനില്‍പ്പിനു ഭീഷണിയാകുന്ന സാഹചര്യമുണ്ടായാല്‍ മാത്രം ആണവായുധ ശേഖരം ഉപയോഗിക്കും. ഈ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നയപരമായ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്,' ഖ്വാജ മുഹമ്മദ് പറഞ്ഞു.
ചൈനയുടെ പിന്തുണ കൂടിയായതോടെ പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരായ വെല്ലുവിളി ശക്തിപ്പെടുത്തുകയാണ്. അതിര്‍ത്തികളില്‍ യുദ്ധസമാന അന്തരീക്ഷം നിലനില്‍ക്കുന്നതിനിടെയാണ് ചൈന പാക്കിസ്ഥാനു നൂതന മിസൈലുകള്‍ നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ ആയുധങ്ങളും ദീര്‍ഘദൂര മിസൈലുകളുമാണു ചൈന വിതരണം ചെയ്തത്. പിഎല്‍ - 15 ദീര്‍ഘദൂര മിസൈലുകളാണ് പാക്കിസ്ഥാനു നല്‍കിയത്. പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനെ പൂര്‍ണമായി തള്ളുന്ന ഒരു നിലപാടെടുക്കാന്‍ ചൈന തയ്യാറായിട്ടില്ല. ഇതും ഇന്ത്യക്ക് ആശങ്കയാണ്.