India vs Pakistan: റാവല്‍പിണ്ടി സ്റ്റേഡിയത്തിനു സമീപം ഡ്രോണ്‍ ആക്രമണം; പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലീഗ് മത്സരവേദി മാറ്റി
ഇന്ത്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ റാവല്‍പിണ്ടി സ്റ്റേഡിയത്തിനു നൂറ് മീറ്റര്‍ അകലെ വലിയ പൊട്ടിത്തെറി ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍
India vs Pakistan: ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം ക്രിക്കറ്റിനെ ബാധിക്കുന്നു. പാക്കിസ്ഥാനിലെ റാവല്‍പിണ്ടി സ്റ്റേഡിയത്തിനു സമീപം ഡ്രോണ്‍ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്. സ്റ്റേഡിയം തകര്‍ന്നെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ റാവല്‍പിണ്ടി സ്റ്റേഡിയത്തിനു നൂറ് മീറ്റര്‍ അകലെ വലിയ പൊട്ടിത്തെറി ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ പെഷ്വാര്‍, കറാച്ചി ടീമുകള്‍ തമ്മില്‍ ഇന്ന് രാത്രി എട്ടിനു നടക്കുന്ന മത്സരത്തിനു ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത് റാവല്‍പിണ്ടി സ്റ്റേഡിയമാണ്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലീഗില്‍ റാവല്‍പിണ്ടി സ്റ്റേഡിയത്തില്‍ നടക്കേണ്ട മത്സരങ്ങള്‍ കറാച്ചിയിലേക്ക് മാറ്റാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചതായും വാര്‍ത്ത വരുന്നുണ്ട്.
പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന വിദേശ താരങ്ങളില്‍ പലരും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായും വാര്‍ത്തകളുണ്ട്. പാക്കിസ്ഥാനില്‍ തുടരാന്‍ സുരക്ഷാഭീതിയുണ്ടെന്നും അതിനാല്‍ തുടര്‍ന്ന് കളിക്കുന്നില്ലെന്നുമാണ് പല താരങ്ങളും ഫ്രാഞ്ചൈസുകളെ അറിയിച്ചിരിക്കുന്നത്.
റാവല്‍പിണ്ടി സ്റ്റേഡിയത്തിനു സമീപം നടന്ന ഡ്രോണ്‍ ആക്രമണം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) സുരക്ഷ വര്‍ധിപ്പിക്കാന്‍ കാരണമാകും. നിലവില്‍ ഐപിഎല്‍ മുന്‍കൂട്ടി നിശ്ചയിച്ച പോലെ തുടരാനാണ് തീരുമാനം.