യുക്രെയ്‌നുമായുള്ള യുദ്ധം നിര്‍ണായകഘട്ടത്തിലെത്തി നില്‍ക്കെ ആണവ മിസൈല്‍ പരീക്ഷണവുമായി റഷ്യ. പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു ആണവമിസൈലുകളുടെ പരീക്ഷണം. നിരവധി തവണ പരീക്ഷണം നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആണവായുധ നിയന്ത്രണ നിയമങ്ങളുമായി ബന്ധപ്പെട്ട് മാറ്റങ്ങള്‍ വരണമെന്ന് കഴിഞ്ഞ ദിവസം പുടിന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യ ആണവായുധ പരീക്ഷണം നടത്തിയതായി സ്ഥിരീകരിച്ചത്. യുക്രെയ്‌നുമായുള്ള യുദ്ധത്തിനിടെ ആണവായുധം പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പുടിന്‍ നേരത്തെ തന്നെ സൂചനകള്‍ നല്‍കിയിരുന്നതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു.
റഷ്യയ്‌ക്കെതിരായ യുദ്ധത്തില്‍ നാറ്റോ സഖ്യം ദീര്‍ഘദൂര ക്രൂസ് മിസൈലുകള്‍ ഉപയോഗിക്കാന്‍ യുക്രെയ്‌നൊപ്പം ഒരുങ്ങുന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് റഷ്യ ആണവായുധം പരീക്ഷിച്ചത്. ആണവായുധം ഉപയോഗിക്കുക എന്നത് അസാധാരണമായ സാഹചര്യമാണെന്നും എന്നാല്‍ അവ തയ്യാറാക്കി വെയ്‌ക്കേണ്ടതുണ്ടെന്നും പുടിന്‍ പറഞ്ഞു. രാജ്യം ആയുധമത്സരത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും എന്തിനും തയ്യാറായി നില്‍ക്കേണ്ടതുണ്ടെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.