17-ാം വയസ്സില്‍ ചെയ്ത കുറ്റത്തിനു 26-ാം വയസ്സില്‍ യുവാവിന് വധശിക്ഷ നല്‍കി സൗദി ഭരണകൂടം. മനുഷ്യാവകാശ സംഘടനകള്‍ ഇതിനെതിരെ രംഗത്തെത്തി. മുസ്തഫ ഹഷീം അല്‍-ഡാര്‍വിഷ് എന്ന യുവാവിനെയാണ് സൗദി വധിച്ചത്. മൈനര്‍ ആയിരുന്നപ്പോള്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മനുഷ്യത്വവിരുദ്ധമായ നടപടിയെന്ന് സംഘടനകള്‍ ആരോപിച്ചു.
ഭീകര സംഘടനയുമായി യുവാവിന് ബന്ധമുണ്ടായിരുന്നെന്നാണ് സൗദിയുടെ വാദം. 2015 ലാണ് മുസ്തഫ ഹഷീം അറസ്റ്റിലാകുന്നത്. പൊലീസിന്റെ ക്രൂര പീഡനങ്ങളെ തുടര്‍ന്നാണ് യുവാവ് കുറ്റം സമ്മതിച്ചതെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നത്. മാത്രമല്ല, യുവാവിനെ ഭരണകൂടം വധിച്ച കാര്യം വീട്ടുകാര്‍ അറിയുന്നത് വാര്‍ത്തകളിലൂടെയാണ്. വധശിക്ഷ നടപ്പിലാക്കും മുന്‍പ് വീട്ടുകാരെ അറിയിക്കാത്തതും ജനാധിപത്യവിരുദ്ധമാണെന്നാണ് ആരോപണം.
പത്ത് വര്‍ഷം മുന്‍പ് രാജ്യസുരക്ഷയ്‌ക്കെതിരെ പ്രവര്‍ത്തിച്ചു എന്ന് ആരോപിച്ചാണ് യുവാവിനെ പൊലീസ് ആറ് വര്‍ഷം മുന്‍പ് അറസ്റ്റ് ചെയ്തത്. രാജ്യസുരക്ഷയ്‌ക്കെതിരെ പ്രവര്‍ത്തിച്ചു എന്ന് പറയുന്ന സമയത്ത് ഇയാള്‍ക്ക് 17 വയസ് മാത്രമായിരുന്നു പ്രായം. പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ 17-ാം വയസ്സില്‍ ഇയാള്‍ ശ്രമിച്ചെന്നാണ് ആരോപണം. യുവാവിന്റെ ഫോണില്‍ നിന്ന് ലഭിച്ച ചില ചിത്രങ്ങളാണ് രാജ്യസുരക്ഷയ്‌ക്കെതിരെ പ്രവര്‍ത്തിച്ചു എന്ന് കാണിക്കാന്‍ അന്വേഷണസംഘം ചൂണ്ടിക്കാണിക്കുന്നത്. ഫോണില്‍ നിന്ന് കിട്ടിയ ചില ചിത്രങ്ങള്‍ മാത്രം ഉപയോഗിച്ച് അയാള്‍ കുറ്റക്കാരനാണെന്ന് എങ്ങനെ പറയാന്‍ സാധിക്കുമെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ ചോദിക്കുന്നത്.
മൈനര്‍ ആയിരുന്നപ്പോള്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നല്‍കില്ലെന്നും പത്ത് വര്‍ഷം പരമാവധി ജയില്‍ശിക്ഷ മാത്രമാണ് അനുവദിക്കുകയെന്നും സൗദി ഭരണകൂടം നേരത്തെ വ്യക്തമാക്കിയിരുന്നു.