ഹമാസ് തലവന്‍ യഹിയ സിന്‍വറിനെ വധിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്‍ വിതച്ച തീവ്രവാദത്തിന്റെ വിത്തുകള്‍ ഓരോന്നായി ഇസ്രായേല്‍ നശിപ്പിക്കുകയാണെന്നും അത് തുടരുകതന്നെ ചെയ്യുമെന്നും എക്‌സിലൂടെ പുറത്തുവിട്ട വീഡിയോയില്‍ നെതന്യാഹു വ്യക്തമാക്കി. ഹമാസ് തട്ടികൊണ്ടുപോയ അവസാനത്തെ ഇസ്രായേലുകാരനെയും തിരിച്ചെത്തിക്കുമെന്നും അതുവരെയും പോരാട്ടം തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി.
ഒരു വര്‍ഷം മുന്‍പായിരുന്നു യഹിയ സിന്‍വാറിന്റെ നേതൃത്വത്തില്‍ ഹമാസ് ഇസ്രായേലില്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 1200 പൗരന്മാരാണ് കൊല്ലപ്പെട്ടത്. അവര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്തു. കുട്ടികളെ ജീവനോട് കുഴിച്ചിട്ടു. പുരുഷന്മാരുടെ തലയറുത്തു. 251 ഇസ്രായേലുകാരെ ബന്ധികളാക്കി. ഇതിന്റെയെല്ലാം ബുദ്ധികേന്ദ്രം സിന്‍വറാണ്. ഐഡിഎഫിന്റെ സമര്‍ഥരായ സൈനികര്‍ സിന്‍വറിനെ വധിച്ചിരിക്കുകയാണ്. നെതന്യാഹു പറഞ്ഞു.
ഇത് ഒന്നിന്റെയും അവസാനമല്ല. അവസാനിപ്പിക്കുന്നതിന്റെ തുടക്കം മാത്രമാണ്. 101 ബന്ധികളെ കൂടി ഹമാസ് മോചിപ്പിക്കണം. ആയുധം വെച്ച് കീഴടങ്ങണം. അതുവരെയും പോരാട്ടം തുടരും. ബന്ധികളാക്കപ്പെട്ടവരെ ഉപദ്രവിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ് കൂടി തരുന്നു. നിങ്ങളെ ഇസ്രായേല്‍ കീഴടക്കും. നീതി നടപ്പാക്കും. പശ്ചിമേഷ്യയില്‍ ഇറാന്‍ സൃഷ്ടിച്ച തീവ്രവാദത്തിന്റെ അച്ചുതണ്ട് തകര്‍ന്നിരിക്കുകയാണ്. നസ്‌റുള്ള,മുഹ്‌സിന്‍,ഹനിയ,ദെഫ്,സിന്‍വാര്‍ എല്ലാവരും കൊല്ലപ്പെട്ടു. ഇറാനിലും ഇറാഖിലും യെമനിലും സിറിയയിലും ലെബനനിലും വിതച്ച തീവ്രവാദത്തിന്റെ വിത്തുകള്‍ ഇസ്രായേല്‍ പിഴുതെറിയും. നെതന്യാഹു മുന്നറിയിപ്പ് നല്‍കി.