കാണ്ഡഹാറിന് പിന്നാലെ കാബൂളിന് തൊട്ടടുത്ത പ്രവിശ്യയായ ലോഗറും കീഴടക്കി താലിബാൻ ഭീകരർ. താലിബാൻ മുന്നേറ്റം നടത്തുന്ന സാഹചര്യത്തിൽ സമാധാനനീക്കങ്ങൾക്കായി നാറ്റോ നാളെ അംഗരാജ്യങ്ങളുടെ അടിയന്തര യോഗം വിളിച്ചു.
ഖാണ്ഡഹാർ പിടിച്ചെടുത്ത് മണിക്കൂറുകൾക്ക് ഉള്ളിൽ 3 തന്ത്രപ്രധാനപ്രവിശ്യകളാണ് താലിബാൻ പിടിയിലായത്. കാബൂളിന് 50 കിമീ മാത്രം അകലെയുള്ള ലോഗർ പ്രവിശ്യയും ഇതിൽ ഉൾപ്പെടുന്നു. ഇതോടെ അഫ്ഗാനിൽ ആകെയുള്ള 34 പ്രവിശ്യകളിൽ 18 പ്രവിശ്യകളും താലിബാൻ നിയന്ത്രണത്തിലായി.
അതേസമയം കൂടുതൽ സൈന്യത്തെ വിന്യസിച്ച് ചെറുത്തുനിൽപ്പ് തുടരുമെന്ന് അഫ്ഗാൻ സർക്കാർ വ്യക്താക്കി. എന്നാൽ പല മേഖലകളിലും കാര്യമായ ചെറുത്തുനിൽപ്പില്ലാതെയാണ് താലിബാൻ മുന്നേറുന്നത്. സംഘർഷമേഖലകളിലേക്ക് അമേരിക്കയും ബ്രിട്ടണും കൂടുതൽ സൈന്യത്തെ വിന്യസിച്ചു കഴിഞ്ഞു. അവരവരുടെ പൗരൻമാരെ തിരികെ കൊണ്ടുവരാനുള്ള ശ്രമം ഊർജിതമാക്കുകയാണ് ഇരുരാജ്യങ്ങളും.
ഇതിനിടെ യുദ്ധഭീതിയിൽ അഫ്ഗാനിൽ നിന്ന് പലായനം ചെയ്തവരുടെ എണ്ണം 4 ലക്ഷം കടന്നുവെന്ന് യുഎൻ റിപ്പോർട്ട് ചെയ്യുന്നു. സംഘർഷം അവസാനിച്ചില്ലെങ്കിൽ വൻ ദുരന്തത്തിലേക്കാണ് നീങ്ങുന്നതെന്ന് യു എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നൽകി.