പ്രായപൂര്‍ത്തിയാകാത്ത മകളെ 600 തവണ പീഡിപ്പിച്ചു; പിതാവിന് 12,000 വര്‍ഷം തടവുശിക്ഷ ലഭിച്ചേക്കും
പ്രായപൂര്‍ത്തിയാകാത്ത മകളെ 600 തവണ പീഡിപ്പിച്ചു; പിതാവിന് 12,000 വര്‍ഷം തടവുശിക്ഷ ലഭിച്ചേക്കും
പ്രായപൂര്‍ത്തിയാകാത്ത മകളെ അറുനൂറിലെറെ തവണ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെതിരെ ചുമത്തിയത് അറുനൂറിലേറെ കുറ്റങ്ങള്‍. മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവമുണ്ടായത്.
പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ ഇക്കഴിഞ്ഞ ജൂലൈ 26നാണ് ഇയാള്‍ പിടിയിലായത്. 15കാരിയായ മകളെ അറുനൂറിലെറെ തവണ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിയുടെ പേരിലുള്ള കേസിന്റെ വിചാരണ കോടതി ആരംഭിച്ചതോടെയാണ് പീഡനവിവരം പുറം ലോകമറിയുന്നത്. അതേസമയം, പ്രതിയുടേത് ഉള്‍പ്പെടെയുള്ള പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.
36കാരനായ പ്രതിയില്‍ നിന്നും 2015ല്‍ ഭാര്യ വിവാഹമോചനം നേടിയിരുന്നു. ഇതിനു ശേഷം പെണ്‍കുട്ടി ഇയാള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. തുടര്‍ന്നുള്ള രണ്ടുവര്‍ഷത്തോളമാണ് ലൈംഗിക പീഡനം നടന്നത്. ഇയാള്‍ അറുനൂറോളം തവണ പെണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനും ബലാത്സംഗത്തിനും ഇരയാക്കി. ക്രൂരമായ പീഡനം തുടരുന്നതിനിടെ ഭയം മൂലം കുട്ടി ഇക്കാര്യങ്ങള്‍ പുറത്തു പറഞ്ഞില്ല.
ഇതിനിടെ മറ്റ് രണ്ട് സഹോദരിമാരെയും പിതാവ് വീട്ടിലേക്ക് വിളിച്ചു കൊണ്ടുവരാന്‍ നീക്കം നടത്തുന്നതായി മനസിലായതോടെ പെണ്‍കുട്ടി പീഡനവിവരം അമ്മയെ അറിയിക്കുകയും അതുവഴി പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.
കുറ്റങ്ങള്‍ തെളിഞ്ഞാല്‍ പ്രതിക്ക് 12,000 വര്‍ഷത്തോളം തടവുശിക്ഷ ലഭിക്കുകയെന്ന് ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എമി സിയോസ്‌വനി വ്യക്തമാക്കി. കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനനിരോധന നിയമം 2012, ചെല്‍ഡി അക്ട് 2016 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.
626 കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മലേഷ്യയിലെ നിയമം അനുസരിച്ച് ഓരോ പ്രകൃതി വിരുദ്ധ പീഡനത്തിനും പരമാവധി 20 വര്‍ഷം തടവും ചാട്ടയടിയുമാണ് ശിക്ഷ. മറ്റ് കുറ്റകൃത്യങ്ങള്‍ക്കും ഓരോന്നിനും പരമാവധി തടവുശിക്ഷ 20 വര്‍ഷമാണ്. രണ്ട് ദിവസങ്ങള്‍ കൊണ്ടാണ് ഇയാള്‍ക്കെതിരായ കുറ്റങ്ങള്‍ കോടതി വായിച്ചുതീര്‍ത്തത്. അതിനിടെ പ്രതി കഴിഞ്ഞ ദിവസം ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി നിഷേധിച്ചു.