പാകിസ്ഥാനില്‍ ട്രെയിന്‍ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി. ബലൂച്ച് ലിബറേഷന്‍ ആര്‍മിയാണ് ട്രെയിന്‍ തട്ടിയെടുത്തത്. പാകിസ്ഥാനിലെ തെക്ക് പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ നിന്ന് ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസാണ് ഭീകരര്‍ റാഞ്ചിയത്. 6 പാകിസ്ഥാന്‍ സൈനികര്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടതായാണ് വിവരം.
പാകിസ്ഥാന്‍ സൈന്യം സൈനികനടപടികള്‍ ആരംഭിച്ചാല്‍ ബന്ദികളെ കൊല്ലുമെന്ന് ബലൂച്ച് ലിബറേഷന്‍ ആര്‍മി വക്താവ് ജിയാന്‍ഡ് ബലൂച്ച് ഒപ്പിട്ട പ്രസ്താവനയില്‍ പറഞ്ഞു. പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശത്തെ തുരങ്കത്തിനടുത്ത് വെച്ചാണ് ആയുധധാരികളായവര്‍ ട്രെയിന്‍ തടഞ്ഞത്. ട്രെയിനിന് നേരെ വെടിവെയ്പ്പുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. പാകിസ്ഥാനില്‍ നിന്നും ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ടാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് തുടങ്ങിയ വിമത സംഘടനകള്‍ ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തുന്നത്.