സാമ്പത്തിക ലാഭമില്ല; 'താജ്മഹല്‍' അടച്ചു പൂട്ടുന്നു!
ട്രംപിന്റെ താജ്മഹല്‍ കാസിനോ നഷ്ടത്തെ തുടര്‍ന്ന് അടച്ചുപൂട്ടുന്നു
സാമ്പത്തിക നഷ്ടത്തെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള താജ്മഹല്‍ കാസിനോ അടച്ചുപൂട്ടുന്നു. കാസിനോ അടച്ചുപൂട്ടുന്നതോടെ 3000 തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകും.
26 വര്‍ഷങ്ങള്‍ക്കു മുന്‍പ് അറ്റ്‌ലാന്റിക് സിറ്റിയിലാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയില്‍ താജ് മഹല്‍ കാസിനോ ആരംഭിച്ചത്. കനത്ത നഷ്ടം നേരിടുന്ന കമ്പനിയെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് കമ്പനി പങ്കാളികളിലൊരാളും ട്രംപിന്റെ സുഹൃത്തുമായ കാള്‍ ഇക്കാന്‍ അറിയിച്ചതോടെയാണ് കമ്പനി പൂട്ടുന്ന കാര്യം ട്രംപ് പ്രഖ്യാപിച്ചത്. കഴിഞ്ഞ 18 മാസത്തെ കണക്കില്‍ മാത്രം 100 മില്ല്യണ്‍ ഡോളറിന്റെ നഷ്ടമാണ് തനിക്ക് നേരിട്ടതെന്ന് കാള്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു.
പെന്‍ഷന്‍ ആനൂകൂല്യങ്ങളും ആരോഗ്യ ഇന്‍ഷൂറന്‍സും ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് ജൂലൈ ഒന്നു മുതല്‍ കാസിനോയ്‌ക്കെതിരെ തൊഴിലാളി സമരവും ആരംഭിച്ചിട്ടുണ്ട്. താജ്മഹല്‍ കാസിനോ അടച്ചു പൂട്ടുന്നതോടെ അറ്റ്‌ലാന്റിക് സിറ്റിയില്‍ ഇനി ഏഴ് കാസിനോകള്‍ മാത്രമേ ഉണ്ടാവുകയുള്ളു. ഇതിനു മുന്‍പ് 2014ല്‍ ആയിരുന്നു ഇവിടെ കാസിനോകള്‍ അടച്ചുപൂട്ടിയത്. നാലു കാസിനോകള്‍ അടച്ചുപൂട്ടുന്നതോടെ 8000 തൊഴിലാളികള്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്.