തുര്‍ക്കിയില്‍ ജനം തെരുവിലിറങ്ങി; അട്ടിമറിശ്രമം പരാജയപ്പെട്ടതായി റിപ്പോർട്ടുകൾ - 42 മരണം
തുര്‍ക്കിയില്‍ ഭരണം പിടിച്ചെടുക്കാന്‍ ഒരു വിഭാഗം സൈനികര്‍ നടത്തിയ അട്ടിമറി ശ്രമം പരാജയപ്പെടുത്തിയതായി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു.
തുര്‍ക്കിയില്‍ ഭരണം പിടിച്ചെടുക്കാന്‍ ഒരു വിഭാഗം സൈനികര്‍ നടത്തിയ അട്ടിമറി ശ്രമം പരാജയപ്പെടുത്തിയതായി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. തലസ്ഥാനമായ ഇസ്താംബൂളിൽനിന്നു സൈന്യത്തിന് നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ടുവെന്നാണ് പുതിയ വിവരം.
രാജ്യത്ത് നിന്ന് പുറത്താക്കിയ ഗുലന്‍ എന്ന പുരോഹിതനാണ് അട്ടിമറി ശ്രമത്തിന് പിന്നിലെന്നും അതിന് ശ്രമിച്ചവര്‍ വലിയ വില നല്‍കേണ്ടിവരുമെന്നും ഉര്‍ദുഗാന്‍ ഇസ്തംബൂളില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങി പട്ടാള അട്ടിമറിക്കെതിരെ പോരാടുകയാണെന്നാണ് വിവരം.
പട്ടാള അട്ടിമറി ജനം ചെറുത്തു തോല്‍പ്പിക്കുകയായിരുന്നുവെന്നാണ് തുര്‍ക്കിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. അട്ടിമറി ശ്രമത്തിന് കൂട്ടുനിന്ന നൂറിലധികം സൈനികരെ ജനങ്ങള്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചതായും ചിലര്‍ കീഴടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രധാനമന്ത്രി ബനാലി യിൽദിരിം പ്രത്യേക പാർലമെന്റ് യോഗം ഇന്നുച്ചയ്ക്കു വിളിച്ചുചേർത്തിട്ടുണ്ട്. ഏറ്റുമുട്ടലുകള്‍ക്കിടെ സാധാരണക്കാര്‍ ഉള്‍പ്പെടെ 42 പേര്‍ കൊല്ലപ്പെട്ടതായാണ് വാര്‍ത്താ ഏജന്‍സികള്‍ നല്‍കുന്ന വിവരം. എന്നാല്‍ മരണം നൂറ് കവിയുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.
വ്യോമസേന ആസ്ഥാനത്തെ ജെറ്റ് വിമാനങ്ങൾ പിടിച്ചെടുത്താണ് അട്ടിമറിക്ക് തുടക്കമിട്ടത്. രാജ്യത്തെ വിമാനത്താവളവും പ്രധാന റോഡുകളും കൈവശപ്പെടുത്തിയതിനു ശേഷമാണ് സൈന്യം അധികാരം പിടിച്ചെടുത്തതായ അവകാശവാദവുമായി രംഗത്തെത്തിയത്.