ക്ലാസ് മുറിയിൽ ഫോൺ ഉപയോഗം വേണ്ട, യു എ ഇ സ്‌കൂളുകളിൽ മൊബൈൽ നിരോധനം കർശനമാക്കി
യുഎഇ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിയന്ത്രണം.
ദുബായ്: യുഎഇ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിയന്ത്രണം. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2018ലെ വിദ്യാര്‍ത്ഥി പെരുമാറ്റ നിയമം അനുസരിച്ച്, കാമ്പസില്‍ മൊബൈല്‍ കൈവശം വച്ചിരിക്കുന്ന വിദ്യാര്‍ത്ഥികളില്‍നിന്ന് ഉപകരണം ഒരു മാസത്തേക്ക് കണ്ടുകെട്ടും. ആവര്‍ത്തിച്ചുള്ള ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ അധ്യയനവര്‍ഷം അവസാനിക്കും വരെ ഫോണ്‍ തിരിച്ചുനല്‍കില്ല.
രക്ഷിതാക്കള്‍ക്കയച്ച സന്ദേശങ്ങളിലൂടെയും വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയും സ്‌കൂളുകള്‍ ഈ നിയമം അറിയിച്ചിട്ടുണ്ട്. ഒഴിവാക്കലുകളൊന്നും ഉണ്ടായിരിക്കില്ലെന്നും ഇത് എല്ലാവര്‍ക്കും ബാധകമാണെന്നും അധികൃതര്‍ വ്യക്തമാക്കി.വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് മാത്രം അധ്യാപകരുടെ അനുമതിയോടെ ഐപാഡ് പോലുള്ള ടാബ്ലെറ്റുകള്‍ ഉപയോഗിക്കാം. ഇടവേളകളിലോ ക്ലാസുകള്‍ക്ക് മുമ്പോ ശേഷമോ ടാബ്ലെറ്റുകള്‍ ഉപയോഗിക്കുന്നത് നിയമലംഘനമായി കണക്കാക്കും.
വിദ്യാലയങ്ങള്‍ പതിവായി പരിശോധനകള്‍ നടത്തുമെന്നും എന്നാല്‍ വിദ്യാര്‍ത്ഥികളുടെ സ്വകാര്യത മാനിച്ച് ബാഗുകളും വസ്തുക്കളും മാത്രം പരിശോധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. രക്ഷിതാക്കളോട് പൂര്‍ണമായി സഹകരിക്കണമെന്ന് വിദ്യാഭ്യാസ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. മൊബൈല്‍ ഫോണുകളുടെ അമിതമായ ഉപയോഗം കുട്ടികളെ പഠനത്തില്‍ പിന്നിലാക്കുന്നതായാണ് വിദ്യഭ്യാസ വിദഗ്ധര്‍ പറയുന്നത്.