US vs Iran: സ്ഥിതിഗതികൾ വീണ്ടും വഷളാകുന്നു; ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്, യുഎസിനെ ആക്രമിച്ചെന്ന് ഇറാൻ
യുഎസ് നാവികസേനയുടെ യുഎസ്എസ് സ്പ്രുവാൻസ് ഒമാൻ കടലിടുക്കിൽ വച്ചാണ് ഇറാൻ കപ്പൽ തടയുകയും നിർത്താൻ മുന്നറിയിപ്പു നൽകുകയും ചെയ്തത്
Publish Date: Mon, 20 Apr 2026 (07:46 IST)
Updated Date: Mon, 20 Apr 2026 (07:48 IST)
US vs Iran: ഹോർമുസ് കടലിടുക്കിൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ പതാകയേന്തിയ കപ്പൽ പിടിച്ചെടുത്തെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ ചരക്കുകപ്പൽ ഹോർമുസ് കടക്കാനുള്ള ശ്രമത്തിനിടെയാണ് സംഭവമെന്ന് യുഎസ് അവകാശപ്പെടുന്നു. ഒരു വിമാനവാഹിനിക്കപ്പലിനു സമാനമായി 900 അടിയോളം നീളമുള്ള ടൗസ്‌ക എന്ന ഇറാൻ പതാക ഘടിപ്പിച്ച ചരക്കുകപ്പലാണ് യുഎസ് ഉപരോധം മറികടക്കാൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്.
യുഎസ് നാവികസേനയുടെ യുഎസ്എസ് സ്പ്രുവാൻസ് ഒമാൻ കടലിടുക്കിൽ വച്ചാണ് ഇറാൻ കപ്പൽ തടയുകയും നിർത്താൻ മുന്നറിയിപ്പു നൽകുകയും ചെയ്തത്. എന്നാൽ ഇറാൻ ക്രൂ അത് കേൾക്കാൻ തയ്യാറാകാത്തതോടെ യുഎസ് നാവികക്കപ്പൽ അവരെ തടയുകയും എൻജിൻ റൂം തുളച്ചുകൊണ്ട് കപ്പൽ പിടിച്ചെടുക്കുകയും ചെയ്തു. നിലവിൽ യുഎസ് നാവികരുടെ കസ്റ്റഡിയിലാണ് കപ്പൽ.
ഇറാൻ പതാകയേന്തിയ കപ്പൽ യുഎസ് തടഞ്ഞെന്ന് ഇറാനും സ്ഥിരീകരിച്ചു. യുഎസ് സൈനിക കപ്പലുകളെ ലക്ഷ്യമിട്ട് ഇറാൻ സൈന്യം ഡ്രോൺ ആക്രമണം നടത്തി പ്രതിരോധിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ ഇതോടെ പാളിയെന്നും ഹോർമുസിൽ സ്ഥിതി രൂക്ഷമായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. യുഎസ് വെടിനിർത്തൽ കരാർ ലംഘിക്കുകയും കടൽക്കൊള്ള നടത്തുകയും ചെയ്‌തെന്ന് ഇറാൻ പ്രസ്താവനയിൽ അറിയിച്ചു. കടൽക്കൊള്ളയ്‌ക്കെതിരെ പ്രതികരിക്കുകയും തിരിച്ചടിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു എന്നും പ്രസ്താവനയിൽ പറയുന്നു.