Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇസ്രായേൽ ആക്രമിക്കുമെന്ന് അറിയാമായിരുന്നു, എന്നാൽ ആക്രമണത്തിൽ പങ്കില്ല, വിശദീകരിച്ച് ട്രംപ്

ഇറാന് നേരെയുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന ഇറാന്റെ ആരോപണങ്ങള്‍ തള്ളി അമേരിക്ക.

Donald Trump

അഭിറാം മനോഹർ

, വെള്ളി, 13 ജൂണ്‍ 2025 (12:49 IST)
ഇറാന് നേരെയുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന ഇറാന്റെ ആരോപണങ്ങള്‍ തള്ളി അമേരിക്ക. അമേരിക്കന്‍ പിന്തുണയോടെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ ഷകാര്‍ച്ചി വ്യക്തമാക്കി. അതേസമയം ഇസ്രായേല്‍ ആക്രമണം സംബന്ധിച്ച് അറിവുണ്ടായിരുന്നെങ്കിലും അക്രമണത്തില്‍ പങ്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇറാനുമായുള്ള ആണവ ചര്‍ച്ചകള്‍ തുടരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
 
ഇറാന്‍- അമേരിക്ക ആണവ ചര്‍ച്ചകള്‍ തുടരുന്നതിനിടെ വെള്ളിയാഴ്ച രാത്രിയാണ് ഇസ്രായേല്‍ ആക്രമണം. ഇറാന് നേരെ ഇസ്രായേല്‍ ആക്രമണം നടത്തുമെന്ന് യു എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പശ്ചിമേഷ്യയില്‍ നിന്നുള്ള അത്യാവശ്യമല്ലാത്ത നയതന്ത്രപ്രതിനിധികളോടും സൈനിക കുടുംബാംഗങ്ങളോടും തിരികെ വരാന്‍ യു എസ് നിര്‍ദേശിച്ചിരുന്നു. അതേസമയം അക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് പറയുമ്പോഴും ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി നല്‍കിയ സന്ദേശത്തില്‍ ട്രംപിന് നന്ദി അറിയിച്ചിരുന്നു. അക്രമണത്തിന് മുന്‍പ് പശ്ചിമേഷ്യയിലെ പ്രധാന സഖ്യകക്ഷിയെ വിവരം അറിയിച്ചിരുന്നെന്ന് പറഞ്ഞ ട്രംപ് അതേത് രാജ്യമാണെന്ന കാര്യം വെളിപ്പെടുത്തിയില്ല.
 
 അതേസമയം ഇറാന് മേലെ നടത്തിയ ആക്രമണത്തില്‍ അമേരിക്കയും ഇസ്രായേലും കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ വ്യക്തമാക്കി. ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാന്‍ ഇസ്ലാമിക് റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി, സൈനിക മേധാവി മുഹമ്മദ് ബഘേരി എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു. ഇറാന്റെ ഉന്നത ആണവ ശാസ്ത്രജ്ഞന്മാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Vijay Rupani: വണ്ടികളുടെ ഭാഗ്യനമ്പര്‍ 1206, വിജയ് രൂപാണിയുടെ അവസാന യാത്രയും 12-06 ന്; ബോര്‍ഡിങ് സമയം 12:10