Israel vs Iran: ലോകത്തെ യുദ്ധമുനമ്പിലേക്ക് തള്ളിയിട്ട് ഇസ്രയേല്‍; ഇറാന്റെ ആണവ നിലയങ്ങള്‍ തകര്‍ത്തു, ഉഗ്രസ്‌ഫോടനം, അടിയന്തരാവസ്ഥ
സാധാരണക്കാരായ ജനങ്ങളെ തങ്ങള്‍ ലക്ഷ്യമിട്ടിട്ടില്ലെന്നും ഇസ്രയേല്‍ പറയുന്നു
Israel vs Iran: ഇറാനെതിരെ ശക്തമായ നീക്കവുമായി ഇസ്രയേല്‍. ഇറാന്റെ ആണവ നിലയങ്ങളും സൈനിക കേന്ദ്രങ്ങളും ഇസ്രയേല്‍ തകര്‍ത്തു. ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനില്‍ ഉഗ്രസ്‌ഫോടനം നടന്നതായി സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷത്തിനുള്ള മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് സ്‌ഫോടനം നടന്നിരിക്കുന്നത്.
വെള്ളിയാഴ്ച രാവിലെയാണ് ഇറാനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇറാന്റെ സൈനിക മേധാവി റവല്യൂഷണറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ ഇന്‍ ചീഫ് ഹൊസൈന്‍ സലാമി ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തെഹ്‌റാന്‍ നഗരത്തിലെ ചുരുങ്ങിയത് ആറ് സൈനിക കേന്ദ്രങ്ങളെങ്കിലും ഇസ്രയേല്‍ ആക്രമിച്ചതായാണ് റിപ്പോര്‍ട്ട്.
സൈനിക കേന്ദ്രങ്ങളും അവയുടെ തലവന്‍മാരും മാത്രമായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം. സാധാരണക്കാരായ ജനങ്ങളെ തങ്ങള്‍ ലക്ഷ്യമിട്ടിട്ടില്ലെന്നും ഇസ്രയേല്‍ പറയുന്നു. 'റൈസിങ് ലയണ്‍' എന്നാണ് ഇറാനെതിരായ ഓപ്പറേഷന് ഇസ്രയേല്‍ പേരിട്ടിരിക്കുന്നത്. ഇസ്രയേലിന്റെ അതിജീവനത്തിനു വെല്ലുവിളിയായ ഇറാന്റെ ആണവായുധ ശക്തിക്കെതിരെയാണ് പോരാട്ടമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇറാന്‍ തിരിച്ചടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇസ്രയേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.