ന്യൂഡൽഹി: എച്ച്എംപിവി വൈറസ് വ്യാപനത്തിന്റെ പിടിയിലാണ് ചൈന. ചൈനയിലെ ആശുപത്രികൾ തിങ്ങിനിറയുന്നതായി റിപ്പോർട്ട്. ചൈനയിൽ പടരുന്ന വൈറസ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ മുൻപ് തന്നെ ഉള്ളതാണ്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ശ്വാസകോശങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്ന അണുബാധയാണ് എച്ച്എംപിവി അഥവാ ഹ്യൂമൺ മെറ്റാന്യൂമോവൈറസ്. ന്യുമോണിയ വിഭാഗത്തിൽപ്പെട്ട രോഗമായാണ് ഇതിനെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടികൾ, പ്രായമായവർ തുടങ്ങി എല്ലാ പ്രായത്തിലുള്ളവരെയും ഈ രോഗം ബാധിക്കും. 2001ലാണ് ആദ്യമായി എച്ച്എംപിവി സ്ഥിരീകരിക്കപ്പെട്ടത്.
ശ്വാസകോശ സംബന്ധമായ അണുബാധകൾക്ക് സമാനമാണ് എച്ച്എംപിവിയുടെ ലക്ഷണങ്ങൾ. പനി, ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസതടസം എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. വൈറസ് ബാധ ഗുരുതരമാകുന്നത് ന്യുമോണിയ പോലുള്ള സങ്കീർണതകൾക്ക് കാരണമാകും.
രോഗം പകരുന്നത് പ്രധാനമായും മൂന്ന് കാരണങ്ങളിലൂടെയാണ്. ചുമയ്ക്കുന്നതിലൂടെയും തുമ്മുന്നതിലൂടെയും പുറത്തേക്ക് വരുന്ന സ്രവങ്ങളിലൂടെ, കൈ കൊടുക്കുന്നത് പോലുള്ള അടുത്തിടപഴകലിലൂടെ, വൈറസ് സാന്നിധ്യമുള്ള പ്രതലങ്ങളിൽ സ്പർശിക്കുകയും അതിന് ശേഷം വായിലോ മൂക്കിലോ കണ്ണിലോ തൊടുകയോ ചെയ്യുന്നതിലൂടെയും രോഗം പകരാം.
കുട്ടികൾ, പ്രായമായവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവരിൽ അപകട സാധ്യത വർദ്ധിക്കും.