എച്ച്1 ബി വിസ ഫീസ് വര്‍ദ്ധനവില്‍ നിന്ന് ഡോക്ടര്‍മാരെ ഒഴിവാക്കിയേക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ്
ഫീസ് വര്‍ദ്ധനവില്‍ ഡോക്ടര്‍മാര്‍, മെഡിക്കല്‍ റസിഡന്റുമാര്‍ തുടങ്ങിയവര്‍ക്ക് ഇളവ് നല്‍കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എച്ച് വണ്‍ ബി വിസ ഫീസ് വര്‍ദ്ധനവില്‍ നിന്ന് ഡോക്ടര്‍മാരെ ഒഴിവാക്കിയേക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ്. അന്താരാഷ്ട്ര മാധ്യമമായ ബ്ലൂബര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഫീസ് വര്‍ദ്ധനവില്‍ ഡോക്ടര്‍മാര്‍, മെഡിക്കല്‍ റസിഡന്റുമാര്‍ തുടങ്ങിയവര്‍ക്ക് ഇളവ് നല്‍കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ആഴ്ചയാണ് എച്ച് 1 ബി വിസക്കുള്ള ഫീസ് ഒരു ലക്ഷം ഡോളറായി ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചത്. ഇത് പുതിയ അപേക്ഷകരെ മാത്രമേ ബാധിക്കുകയുള്ളുവെന്നും നിലവിലെ ബി വിസക്കാരും വിസ പുതുക്കുന്നവരും ഈ ഫീസ് നല്‍കേണ്ടതില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. കുടിയേറ്റം തടയുന്നതിനുള്ള ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ ഏറ്റവും പുതിയ ആയുധമായിട്ടാണ് ഈ നീക്കത്തെ കാണുന്നത്. ഈ നീക്കം യുഎസ് ആസ്ഥാനമായുള്ള നിരവധി പ്രധാന കമ്പനികള്‍ക്ക് ദോഷം ചെയ്യും.
ഫീസ് വര്‍ദ്ധനവ് പ്രഖ്യാപനം എച്ച്-1ബി വിസ ഉടമകളിലും അതിന് അപേക്ഷിക്കുന്നവരിലും പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഈ പ്രഖ്യാപനം ഇന്ത്യയ്ക്ക് ഗുണകരമാകാം. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ H1B വിസ ഫീസ് വര്‍ദ്ധനവ് മൂലം നഷ്ടം നേരിടുന്ന യുഎസ് ആസ്ഥാനമായുള്ള കമ്പനികള്‍ ഇന്ത്യയില്‍ തന്നെ കൂടുതല്‍ ആളുകളെ നിയമിച്ചേക്കാം. ട്രംപിന്റെ തീരുമാനം ഇന്ത്യയ്ക്ക് ഒരു സുവര്‍ണ്ണാവസരമാകാമെന്നാണ് ഇതിനര്‍ത്ഥം. കാരണം ഇത് രാജ്യത്ത് പുതിയ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കും.