ശ്രീലങ്കൻ സ്ഫോടന പരമ്പര; മുഖ്യ സൂത്രധാരൻ സഹ്രാൻ ഹാഷിം കൊല്ലപ്പെട്ടു
ശ്രീലങ്കയിൽ പ്രവർത്തനം നടത്തുന്ന തൗഹീദ് ജമാ അത്തിന്റെ നേതാവാണ് സഹ്രാൻ ഹാഷിം.
ശ്രീലങ്കയെ നടുക്കിയ സ്ഫോടനപരമ്പരയുടെ മുഖ്യസൂത്രധാരൻ സഹ്രാൻ ഹാഷിം കൊല്ലപ്പെട്ടു. കൊളംബോ ഷാങ്‌ഗ്രി ലാ ഹോട്ടലിലെ സ്ഫോടനത്തിലാണ് ഹാഷിം കൊല്ലപ്പെട്ടത്. പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രഹസ്യാന്വേഷണ ഏജൻസികൾ ഇക്കാര്യം സ്ഥിരീകരിച്ചതായി സിരിസേന പറയുന്നു.
ശ്രീലങ്കയിൽ പ്രവർത്തനം നടത്തുന്ന തൗഹീദ് ജമാ അത്തിന്റെ നേതാവാണ് സഹ്രാൻ ഹാഷിം. സ്ഫോടനങ്ങളിൽ സംഘടനയുടെ പങ്കിനെക്കുറിച്ച് ഏജൻസികൾ അന്വേഷിച്ചു വരികയാണ്. എന്നാൽ 40 കാരനായ ഹാഷിമിനെക്കുറിച്ച് യാതൊരു വിവരവും കിട്ടിയിരുന്നില്ല.
ചാവേറുകളുടെതെന്ന പേരിൽ അമാഖ് വാർത്താ ഏജൻസി പുറത്തുവിട്ട ദൃശ്യങ്ങളിൽ മുഖം മറയ്ക്കാത്ത ഭീകരൻ മുഹമ്മദ് സഹറാൻ എന്ന സഹ്രാൻ ഹാഷിം ആണെന്ന് ശ്രീലങ്കൻ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് ഐഎസ് പുറത്തുവിട്ട വീഡിയോയിലും ഹാഷിമിന്റെ ചിത്രം ഉണ്ടായിരുന്നു. അതോടെ അദ്ദേഹത്തെക്കുറിച്ച് തീവ്ര അന്വേഷണത്തിലായിരുന്നു ഇന്റലിജൻസ് ഏജൻസികൾ.
ഹാഷിമിന് ഇന്ത്യയിലും അനുയായികൾ വാർത്തകൾ പുറത്തുവന്നിരുന്നു. കോയമ്പുത്തൂർ ജയിലുള്ള ഐഎസ് കേസ് പ്രതികളിൽ നിന്നാണ് ദേശീയ അന്വേഷണ ഏജൻസികൾക്ക് ഈ വിവരം ലഭിച്ചത്. കേരളത്തിലും സംഘടന പ്രവർത്തനം വ്യാപിപ്പിക്കാൻ പദ്ധതിയിട്ടിരുന്നു. ഇതിനിടെയാണ് ഹാഷിം കൊല്ലപ്പെട്ടെന്ന വാർത്ത പുറത്തു വരുന്നത്.
തൗഹീദ് ജമാ അത്തിന്റെ നേതൃത്വത്തിൽ വൻ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്ത്യ ഏപ്രിൽ 11ന് ശ്രീലങ്കയ്ക്ക് കൈമാറിയ രഹസ്യാന്വേഷണ രേഖയിൽ വ്യക്തമാക്കിയിരുന്നു. ഒരു സ്ത്രീയുൾപ്പെടെ 9 ഭീകരരാണ് ശ്രീലങ്കയിൽ ആക്രമണം നടത്തിയത്.