ലോകത്തിലെ തന്നെ നമ്പര്‍ വണ്‍ ആപ്പുകളിലൊന്നായിരുന്ന ടിക് ടോക്കിന്റെ ഗതി തങ്ങള്‍ക്കും വരുമോയെന്ന് ഭയപ്പെട്ടിരിക്കുകയാണ് ലോക്ഡൗണ്‍ കാലത്ത് ജനപ്രിയ ആപ്പായ സൂം. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷങ്ങളെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാലാണ് ജനപ്രിയ ആപ്പായ ടിക് ടോക്ക് മുതല്‍ 59 ചൈനീസ് ആപ്പുകള്‍ നിരോധിക്കപ്പെട്ടത്. ഇതിനോടൊപ്പമാണ് സൂമും പണിവാങ്ങുന്നത്. സൂം ആപ്പ് ചൈയുടേതാണെന്ന് തെറ്റിദ്ധരിച്ച് പലരും ആപ്പ് ഫോണില്‍ നിന്നും റിമൂവ് ചെയ്തു. ഇതേത്തുടര്‍ന്നാണ് കമ്പനി തന്നെ വിശദീകരണവുമായി എത്തിയത്.
സൂം ആപ്പ് ചൈനീസ് കമ്പനിയുടേതല്ലെന്ന് സൂം എഞ്ചിനിയറിങ് പ്രോഡക്ട് പ്രസിഡന്റും ഇന്ത്യന്‍ വംശചനുമായ വേലച്ചാമി ശങ്കരലിംഗം പറഞ്ഞു. ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ സൂമിനെ ഒന്നുകൂടി പരിചയപ്പെടുത്തേണ്ടതുണ്ടെന്ന് തോന്നുന്നു. സൂം ഒരു അമേരിക്കന്‍ കമ്പനിയാണ്. കാലിഫോര്‍ണിയയിലെ സന്‍ ജോസാണ് സൂമിന്റെ ആസ്ഥാനം. സൂമിന് ചൈനയില്‍ ഒരു ഓഫീസ് ഉണ്ടെന്നു മാത്രമേ ഉള്ളു. അത് അമേരിക്കയിലുള്ള ആസ്ഥാനത്തിന്റെ കീഴില്‍ വരുന്നതാണ്. ഇന്ത്യ തങ്ങള്‍ക്ക് വേണ്ടപ്പെട്ട വിപണിയാണെന്നും അടുത്ത അഞ്ചുവര്‍ഷം രാജ്യത്ത് നിരവധി നിക്ഷേപങ്ങള്‍ക്ക് കമ്പനി ആലോചിക്കുന്നതായും അറിയിച്ചു.