കോഹ്‌ലിയുടെ ടീമിന് രാഹുലിന്റെ വക തിരിച്ചടി; ബാംഗ്ലൂരിന്റെ കഷ്‌ടകാലം തീരുന്നില്ല
കെഎല്‍ രാഹുലും ഐപിഎല്‍ കളിക്കില്ല
ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റിനിടെയുണ്ടായ പരുക്ക് ഗുരുതരമായതിനാല്‍ ഐപിഎല്ലില്‍ നിന്ന് ലോകേഷ് രാഹുല്‍ വിട്ടുനില്‍ക്കും. തോളെല്ലിനേറ്റ പരുക്കിന് ഒരു മാസത്തിലധികം വിശ്രമം വേണമെന്ന് ഡോക്‍ടര്‍മാര്‍ വ്യക്തമാക്കി.
ചിക്തസയ്‌ക്കായി രാഹുല്‍ ലണ്ടനിലേക്ക് ഉടന്‍ തിരിക്കും. അദ്ദേഹത്തിന് സര്‍ജറി വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയക്കെതിരായ പൂനെ ടെസ്‌റ്റില്‍ പരുക്കേറ്റ രാഹുല്‍ പരുക്ക് അവഗണിച്ചാണ് തുടര്‍ ടെസ്‌റ്റുകള്‍ കളിച്ചത്.
ഐപിഎല്ലില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് താരമാണ് രാഹുല്‍. ടീം നായകന്‍ വിരാട് കോഹ്‌ലിക്ക് പരുക്കേറ്റതിന് പിന്നാലെ രാഹുലിനും പരുക്കേറ്റത് ബാംഗ്ലൂരിന് തിരിച്ചടിയാണ്.
കോഹ്‌ലിയുടെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് താരം എബി ഡിവില്ലിയേഴ്‌സാണ് ബാംഗ്ലൂര്‍ ടീമിനെ നയിക്കുക.
ഏപ്രില്‍ അഞ്ചിനാണ് ഐപിഎല്‍ സീസണ്‍ 10ന് തുടക്കമാകുന്നത്. ഉദ്ഘാന മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പായ ബാംഗ്ലൂര്‍ ചാമ്പ്യന്‍മാരായ സണ്‍ റൈസസ് ഹൈദ്രബാദിനെയാണ് നേരിടുക.