കോഹ്ലിയെ വേദനിപ്പിച്ചാല്‍ ഇന്ത്യയില്‍ നില്‍ക്കാനാകുമോ; ഓസ്ട്രേലിയന്‍ താരത്തിന്റെ ക്ഷമാപണം വൈറലാകുന്നു
കോഹ്ലിയെ വേദനിപ്പിച്ചാല്‍ ഇന്ത്യയില്‍ നില്‍ക്കാനാകുമോ; ഓസ്ട്രേലിയന്‍ താരം ഒടുവില്‍ ക്ഷമാപണം നടത്തി
ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎല്‍) കളിക്കുന്നതിനു വേണ്ടിയാണ് ഇന്ത്യൻ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് ഒഴിവാക്കിയതെന്ന പ്രസ്താവനയില്‍ ക്ഷമാപണം നടത്തി മുന്‍ ഓസീസ് താരവും ഗുജറാത്ത് ലയണ്‍സ് കോച്ചുമായ ബ്രാഡ് ഹോഡ്ജ്.
ആരോപണത്തില്‍ ഇന്ത്യന്‍ ആരാധകരോടും ടീം ഇന്ത്യയോടും ക്ഷമ ചോദിച്ച് ട്വിറ്ററിലാണ് ഹോഡ്ജ് രംഗത്തെത്തിയത്.
ആരേയും വിമര്‍ശിക്കാനോ അപമാനിക്കാനോ ആയിരുന്നില്ല തന്റെ വാക്കുകളെന്ന് ക്ഷമാപണ കുറിപ്പില്‍ ഹോഡ്ജ് എഴുതി. പ്രൊഫഷണല്‍ കായിക താരമെന്ന നിലയില്‍ സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കാന്‍ ഇറങ്ങുന്നതിന്റെ വില എനിക്കറിയാം. ഒരു കായിക താരത്തിന് ചോദിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരമാണിത്. ഏവര്‍ക്കും പ്രചോദനം നല്കുന്ന നേതാവായ കോഹ്ലിയോട് തനിക്ക് യാതൊരു വിരോധവുമില്ലെന്നും മുന്‍ ഓസീസ് താരം വ്യക്തമാക്കി.
ഐപിഎല്ലിനുവേണ്ടിയാണ് കോഹ്ലി അവസാന ടെസ്റ്റ് ഒഴിവാക്കിയതെങ്കില്‍ അത് വളരെ തരംതാണ നടപടിയാണെന്നാണ് ഹോഡ്ജ് നേരത്തെ പറഞ്ഞിരുന്നത്.
കളിക്കാരന് എന്ന നിലയില്‍ കോഹ്ലിക്കു പരുക്കേറ്റിരിക്കാം എന്നു ഞാന്‍ കരുതുന്നു. എന്നാല്‍ ഐപിഎല്ലില്‍ ബാംഗളൂർ റോയൽ ചലഞ്ചേഴ്സ് താരമായ അദ്ദേഹത്തിന് ഗുജറാത്ത് ലയണ്‍സുമായി കളിക്കേണ്ടതുണ്ട്. അന്ന് കളിക്കാന്‍ വേണ്ടിയായിരിക്കും കോഹ്ലി അവസാന ടെസ്റ്റ് ഒഴിവാക്കിയതെന്നും ഹോഡ്ജ് വ്യക്തമാക്കിയിരുന്നു.
പ്രസ്താവന വിവാദമായതോടെ ഇന്ത്യന്‍ താരങ്ങളായി ആര് അശ്വിനും ഗൌതം ഹോഡ്ജിനെതിരെ രംഗത്തെത്തിയിരുന്നു. കൂടാതെ ഐ പി എല്‍ മത്സരങ്ങള്‍ക്കിടെ ഇന്ത്യന്‍ ആരാധകരില്‍ നിന്ന് തിരിച്ചടിയുണ്ടാകുമോ എന്ന ഭയവും രൂക്ഷമായതിനാലാണ് അദ്ദേഹം നിലപാടില്‍ മാറ്റം വരുത്തിയത്.
ഐപിഎലിൽ ഗുജറാത്ത് ലയണ്‍സ് പരിശീലകനാണ് ഹോഡ്ജ്. ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാർണർ നയിക്കുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിനോടാണ് കോഹ്ലി നയിക്കുന്ന ബാംഗളൂർ റോയൽ ചലഞ്ചേഴ്സിന്റെ ആദ്യ മത്സരം.