IPL 10: വാര്‍ണര്‍ ചൂട് താങ്ങാന്‍ കൊല്‍ക്കത്തക്കായില്ല; ഹൈദരാബാദിനെതിരെ ദയനീയ തോല്‍വി
വാര്‍ണര്‍ ചൂടില്‍ കൊല്‍ക്കത്ത കരിഞ്ഞു
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് നാണംകെട്ട തോല്‍വി. ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവിലാണ് കൊല്‍ക്കത്തത്തയെ 48 റണ്‍സിന് നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഹൈദരാബാദ് തരിപ്പണമാക്കിയത്. കേവലം 59 പന്തില്‍ 10 ബൗണ്ടറികളും എട്ടു സിക്‌സറും ഉള്‍പ്പെടെയാണ് വാര്‍ണര്‍ 126 റണ്‍സ് നേടിയത്.
വാര്‍ണറിനെക്കൂടാതെ കെയ്ന്‍ വില്യംസണ്‍ (25 പന്തില്‍ 40), ശിഖര്‍ ധവാന്‍ (30 പന്തില്‍ 29) എന്നിവരും ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 209 റണ്‍സായിരുന്നു ഹൈദരാബാദ് നേടിയത്. മറുപടി ബാറ്റിങ്ങ് ആരംഭിച്ച് കൊല്‍ക്കയെ ജയിപ്പിക്കണമെന്ന ആവേശം റോബിന്‍ ഉത്തപ്പയ്ക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂ. 28 പന്തില്‍ നാലു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 53 റണ്‍സാണ് ഉത്തപ്പ നേടിയത്.
ബാക്കിയുള്ളവരെല്ലാവരും വന്നതു പോലെ മടങ്ങുന്ന അവസ്ഥയാണുണ്ടായത്. മനീഷ് പാണ്ഡെ (39) മാത്രമാണ് 20നു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം. ഏഴു വിക്കറ്റിന് 161 റണ്‍സോടെയാണ് കൊല്‍ക്കത്തയുടെ പോരാട്ടം അവസാനിച്ചത്. വിജയത്തോടെ 10 മല്‍സരങ്ങളില്‍ നിന്നു 13 പോയിറ്റുമായി ഹൈദരാബാദ് മൂന്നാംസ്ഥാനത്തേക്ക് കയറി. 14 പോയിന്റ് വീതം നേടി കൊല്‍ക്കത്തയും മുംബൈയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.