IPL 10: ആരും കാണാതെ കൗറിനെ തോളുകൊണ്ട് ഉത്തപ്പ ഇടിച്ചു; യുവരാജ് ഇടപെട്ട് വലിയൊരു പൊട്ടിത്തെറി ഒഴിവാക്കി - വീഡിയോ
ഉത്തപ്പയെ പറഞ്ഞു മനസിലാക്കി യുവരാജ് സിങ്
മാന്യന്മാരുടെ കളിയായാണ് ക്രിക്കറ്റിനെ കാണുന്നതെങ്കിലും ഇടയ്ക്ക് താരങ്ങള്‍ തമ്മില്‍ ചില പൊട്ടിത്തെറികള്‍ കളിക്കളത്തില്‍ കാണാറുണ്ട്. കൊല്‍ക്കത്തയും ഹൈദരാബാദും തമ്മിലുളള മത്സരത്തിലും ഇത്തരത്തിലൊരു പൊട്ടിത്തെറിയുണ്ടായി. എന്നാല്‍ കളിക്കളത്തില്‍ ഏറെ പക്വതയുള്ള താരമായ യുവരാജ് സിങ്ങിന്റെ ഇടപെടലിലൂടെ പ്രശ്‌നങ്ങള്‍ നിമിഷനേരം കൊണ്ട് അവസാനിക്കുകയും ചെയ്തു.
കൊല്‍ക്കത്തയുടെ താരമായ റോബിന്‍ ഉത്തപ്പയും ഹൈദരാബാദിന്റെ യുവതാരം സിദ്ധാര്‍ത്ഥ് കൗറും തമ്മിലാണ് ചെറിയൊരു ഉടക്കു നടന്നത്. മത്സരത്തിനിടെ ഉത്തപ്പ തോളുകൊണ്ട് കൌറിനെ ഇടിച്ചതാണ് സംഭവത്തിന് തുടക്കമായത്. മത്സരത്തിന്റെ മൂന്നാം ഓവറിലെ അവസാന പന്തില്‍ കൗറിനെ ബൗണ്ടറിയ്ക്ക് പായിച്ചശേഷമാണ് ഉത്തപ്പ കൗറിനെ ആരും കാണാതെയൊന്ന് ഇടിച്ചത്.
എന്നാല്‍ ഇത് ഹൈദരാബാദ് താരങ്ങളെ പ്രകോപിതരാക്കി. അമ്പയര്‍ ഇടപെട്ട് ഉത്തപ്പയോട് വിശദീകരണം ചോദിക്കുകയും ചെയ്തു. ഇതിനിടെ യുവരാജ് ഉത്തപ്പയുടെ അടുത്തെത്തുകയും സ്‌നേഹപൂര്‍വ്വം കെട്ടിപ്പിടിച്ച് താന്‍ ചെയ്ത തെറ്റ് എന്തെന്ന് ബോധ്യപ്പെടുത്തികൊടുക്കുകയും ചെയ്തു. ഉത്തപ്പ എല്ലാം തലകുലുക്കി സമ്മതിച്ചു. കളിക്കളത്തില്‍ പാറിയ ആ തീപ്പൊരി ഇതോടെ കെട്ടടങ്ങുകയും ചെയ്തു.