മുംബൈ ഇന്ത്യന്‍സിനുവേണ്ടി കളിക്കിറങ്ങിയ വിന്‍ഡീസ് താരം അല്‍സാരിക്ക് ഇത് സ്വപ്ന തുടക്കം. ഒരു തുടക്കക്കാരന് കിട്ടാവുന്ന ഏറ്റവും വലിയ നേട്ടമാണ് അൽസാരി ജോസഫ് തന്റെ ആദ്യ ഐ പി എൽ കളിയിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. അല്‍സാരി ജോസഫ് ഐപിഎല്‍ ലേലത്തില്‍ മുംബൈ ടീമിലെത്തിയ താരമല്ല. പരിക്കേറ്റ് ഈ സീസണ്‍ ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയ ന്യൂസിലന്റ് പേസര്‍ ആദം മില്‍നെയ്ക്ക് പകരക്കാരനായാണ് അല്‍സാരി ടീമിലെത്തുന്നത്.
ഏത് താരത്തെയും മോഹിപ്പിക്കുന്ന തുടക്കമാണ് 22 കാരനായ അൽസാരിക്ക് ലഭിച്ചത്. അവിശ്വസനീയ ബൗളിങ്ങിലൂടെ ലഭിച്ചത് 6 വിക്കറ്റാണ്. 3.4 ഓവറില്‍ വിട്ടുനല്‍കിയതാവട്ടെ ആകെ 12 റണ്‍സും. ആദ്യ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന സൊഹൈല്‍ തന്‍വീര്‍ സ്ഥാപിച്ച റെക്കോര്‍ഡും ഇതോടെ പഴങ്കഥയായി.
സൊഹൈല്‍ 14 റണ്‍സ് വിട്ടുനല്‍കിയായിരുന്നു 6 വിക്കറ്റ് വീഴ്ത്തിയത്. ഇതോടെ ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ഇനി വിന്‍ഡീസ് താരത്തിന്റെ പേരിലായിരിക്കും. അല്‍സാരിയുടെ ബൗളിങ് മികവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വെറും 96 റണ്‍സിനാണ് എല്ലാവരും പുറത്തായത്.