Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോണി പന്തിനെ കാവല്‍ നിര്‍ത്തി, പിന്നെ കറക്കി വീഴ്‌ത്തി; ഇത് ചെന്നൈയുടെ ഏറ്റവും മികച്ച വിജയം!

ധോണി പന്തിനെ കാവല്‍ നിര്‍ത്തി, പിന്നെ കറക്കി വീഴ്‌ത്തി; ഇത് ചെന്നൈയുടെ ഏറ്റവും മികച്ച വിജയം!
വിശാഖപട്ടണം , ശനി, 11 മെയ് 2019 (15:07 IST)
കാര്യങ്ങളൊന്നും ശരിയാകുന്നില്ലെന്ന് മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിന് ശേഷം പറഞ്ഞ മഹേന്ദ്ര സിംഗ് ധോണിക്ക് ഇനി മാറ്റി പറയേണ്ടിവരും. കളിയുടെ സമസ്ഥ മേഖലകളിലും കാര്യങ്ങളെല്ലാം വിജയം കണ്ടതോടെ ഡല്‍ഹി ക്യാപിറ്റല്‍‌സിനെ അതിരുകടത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐ പി എല്‍ ഫൈനലിന് ടിക്കറ്റെടുത്തു.

ഈ സീസണില്‍ ചെന്നൈയുടെയും ധോണിയുടെയും ഗെയിം പ്ലാന്‍  നൂറ് ശതമാനവും പൂര്‍ണ്ണമായി വിജയിച്ച ഏക മത്സരം കൂടിയായിരുന്നു ക്യാപ്‌റ്റല്‍‌സിനെതിരെ. ബാറ്റിംഗ്, ബോളിംഗ്, ഫീ‍ല്‍‌ഡിംഗ് എന്നീ മേഖലളിലെല്ലാം ടീം വിജയം കണ്ടു. ധോണിയെന്ന ക്യാപ്‌റ്റന്റെ തന്ത്രങ്ങളും നീക്കങ്ങളും ഒരിക്കല്‍ കൂടി എതിരാളികള്‍ കണ്ടു.

വിശാഖപട്ടണത്ത് ടോസ് നേടിയാല്‍ ആദ്യം ബോള്‍ ചെയ്യാനായിരുന്നു ചെന്നൈയും ഡല്‍ഹിയും ആഗ്രഹിച്ചത്. അവിടെ ഭാഗ്യം തുണച്ചത് ധോണിക്കാണ്. ഋഷഭ് പന്ത് അടക്കമുള്ള യുവതാരങ്ങള്‍ അണിനിരക്കുന്ന എതിരാളികളെ സ്‌പിന്‍ കെണിയില്‍ വീഴ്‌ത്തുകയെന്ന ധോണിയുടെ രീതി ഫലം കണ്ട മത്സരം കൂടിയാണ് കഴിഞ്ഞത്.

ഇന്നിംഗ്‌സിന്റെ മൂന്നാം ഓവറില്‍ അമ്പയറിനെ പോലും ഞെട്ടിച്ച ഡി ആര്‍ എസ് തീരുമാനത്തിലൂടെ ധോണി അപകടകാരിയായ  പൃഥ്വി ഷായെ പറഞ്ഞയച്ചു. ഇതോടെ ശിഖര്‍ ധവാന്‍ സമ്മര്‍ദ്ദത്തിലായി. കളി ചെന്നൈയുടെ വരുതിയിലുമായി. പവര്‍ പ്ലേ ഓവറില്‍ 41 റണ്‍സ് മാത്രമാണ് ഡല്‍ഹിക്ക് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞത്. ഇതിനിടെ വിലപ്പെട്ട രണ്ട് വിക്കറ്റുകളും നഷ്‌ടമായി.

പിന്നാലെ സ്‌പിന്‍ ഡിപ്പാര്‍ട്ട്‌ മെന്റിനെ ധോണി രംഗത്തിറക്കി. ഇതോടെ ഡല്‍ഹിയുടെ നില കൂടുതല്‍ പരുങ്ങലിലായി. ധവാന്‍, ശ്രയേസ് അയ്യര്‍, മണ്‍‌റോ എന്നിവര്‍ സ്‌പിന്‍ ബോളിംഗിന് മുന്നില്‍ കറങ്ങി വീണു. വിക്കറ്റ് പോകാതെ ഒരറ്റം കാത്ത പന്തിനെ വന്‍ ഷോട്ട് കളിക്കാന്‍ സ്‌പിന്നര്‍മാര്‍ അനുവദിച്ചുമില്ല.

ആഞ്ഞടിക്കുന്ന പന്തിന് വിക്കറ്റ് കാക്കേണ്ട അവസ്ഥയുമായി. ഒടുവില്‍ ചാഹര്‍ എറിഞ്ഞ 18മത് ഓവറിലെ നാലാം പന്തില്‍ 25 ബോളില്‍ 38 റണ്ണുമായി കളം വിടേണ്ടി വന്നു താരത്തിന്. ഇതോടെ ഡല്‍ഹി വന്‍ സ്‌കോറില്‍ എത്തില്ലെന്ന് ഉറപ്പായി.

ഹര്‍ഭജന്‍ സിംഗ് നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങി 2 വിക്കറ്റെടുത്തപ്പോള്‍ ഇത്രയും ഓവറില്‍ ഇമ്രാന്‍ താഹിര്‍ വിട്ട് നല്‍കിയത് 28 റണ്‍സ് മാത്രമാണ്, ഒരു വിക്കറ്റും അദ്ദേഹം സ്വന്തമാക്കി. മൂന്ന് ഓവര്‍ എറിഞ്ഞ് ജഡേജ 23 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടി.ഇതിനിടെ മീഡിയം പേസറായ ബ്രാവോയെ മികച്ച രീതിയില്‍ ഉപയോഗിച്ചു ധോണി. നാല് ഓവറില്‍ 19 റണ്‍സ് വഴങ്ങി 2 വിക്കറ്റുകളാണ് അദ്ദേഹം എറിഞ്ഞിട്ടത്.

ബാറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് നോക്കിയാല്‍ ഷെയ്‌ന്‍ വാട്‌സണ്‍ ഫോമിലേക്ക് തിരിച്ചെത്തിയതാണ് ചെന്നൈയെ ആനന്ദിപ്പിക്കുന്നത്. ഓസീസ് താരത്തെ പുറത്തിരുത്തണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് വാട്‌സണ്‍‌ന്റെ ഈ തിരിച്ചുവരവ്. ഡ്യുപ്ലെസി അതിവേഗം സ്‌കോര്‍ ഉയര്‍ത്തുന്നതും മുംബൈയെ ഫൈനലില്‍ നേരിടുമ്പോള്‍ ചെന്നൈയ്‌ക്ക് നേട്ടമാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇയാളെന്തൊരു മനുഷ്യനാണ്? ആ തീരുമാനം ശരിയായിരുന്നു- ഇക്കാര്യത്തിൽ പുലിയാണ് ധോണി!