Select Your Language

Notifications

webdunia
webdunia
webdunia
webdunia

പന്ത് വന്നാല്‍ ടീം സെറ്റാകുമോ ?, കോഹ്‌ലി ലോകകപ്പ് ഉയര്‍ത്തുമോ ? - വിരാടിന്റെ ‘തലപുകയും’!

പന്ത് വന്നാല്‍ ടീം സെറ്റാകുമോ ?, കോഹ്‌ലി ലോകകപ്പ് ഉയര്‍ത്തുമോ ? - വിരാടിന്റെ ‘തലപുകയും’!

അമല്‍ മുത്തുമണി

, വെള്ളി, 10 മെയ് 2019 (17:50 IST)
ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ ചുമലിലേറ്റുന്നവരില്‍ വിരാട് കോഹ്‌ലിയോളം സ്ഥാനമുള്ള താരമാണ് രോഹിത് ശര്‍മ്മ. ഇരുവരും ഭയമില്ലാതെ ബാറ്റ് വീശുന്ന താരങ്ങള്‍. നിലയുറപ്പിച്ച് കളിക്കാന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മിടുക്കനാണെങ്കില്‍ ബോളര്‍മാരെ കടന്നാക്രമിക്കുന്നതാണ് രോഹിത്തിന്റെ ശൈലി.

ഇവര്‍ക്കൊപ്പം ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, മഹേന്ദ്ര സിംഗ് ധോണി എന്നിവര്‍ കൂടി ചേരുമ്പോള്‍ ബാറ്റിംഗ് ഓര്‍ഡര്‍ അതിശക്തം. എന്നാല്‍, ഇവര്‍ക്കൊപ്പം ഋഷഭ് പന്ത് കൂടി വന്നാല്‍ എന്താകും അവസ്ഥ. ഓസ്‌ട്രേലിയന്‍ ടീമിനെ ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലെത്തിച്ച റിക്കി പോണ്ടിംഗാണ് ഈ നിര്‍ദേശം വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത്. ലോകകപ്പ് ടീമില്‍ പന്തിനെ ഉള്‍പ്പെടുത്താത്ത ഇന്ത്യന്‍ സെലക്‍ടര്‍മാരുടെ നടപടി അതിശയപ്പെടുത്തുന്നതാണെന്നാണ് കങ്കാരുക്കള്‍ക്ക് രണ്ട് ലോകകപ്പുകള്‍ സമ്മാനിച്ച പോണ്ടിംഗിന്റെ അഭിപ്രായം.

ഇതിന് നിരവധി കാരണങ്ങള്‍ പറയാനാകും. ഈ ഐ പി എല്‍ സീസണില്‍ ഹിറ്റ്‌മാനായ രോഹിത്തിനേക്കാളും നമ്പര്‍ വണ്‍ ഫിനിഷറായ ധോണിയേക്കാളും റണ്‍സ് അടിച്ചു കൂട്ടിയ താരമാണ് പന്ത്. 14 മത്സരങ്ങളില്‍ നിന്ന് 390 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. 13 മത്സരങ്ങളില്‍ നിന്ന് 405 റണ്‍സാണ് ധോണിയുടെ പേരിലുള്ളത്. എന്നാല്‍, 163. 63 സ്‌ട്രൈക്ക് റേറ്റില്‍ 15 മത്സരങ്ങളില്‍ നിന്ന് മൂന്ന് അര്‍ദ്ധ സെഞ്ചുറികള്‍ ഉള്‍പ്പെടെ 450 റണ്‍സാണ് 22 കാരനായ പന്ത് അടിച്ച് കൂട്ടിയതെന്നത് ശ്രദ്ധേയമാണ്.

പരുക്കിന്റെ പിടിയിലായ കേദാര്‍ ജാദവിന് പകരക്കാരനായി റിസര്‍വ് താരമായ പന്ത് ടീമില്‍ എത്തിയാല്‍ എന്താകും അവസ്ഥ. ടീം ലോകകപ്പ് സ്വന്തമാക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് വാദിക്കുന്നവര്‍ ഒരു ഭാഗത്ത് നിലകൊള്ളുമ്പോള്‍ ഋഷഭിന് ഈ ടീമില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് വാദിക്കുന്നവരുമുണ്ട്.

ഇക്കാര്യത്തില്‍ സംശയങ്ങളും ആകുലതകളും നിറയുന്നുണ്ട്. ധോണി, രാഹുല്‍, കാര്‍ത്തിക് എന്നിവര്‍ക്കൊപ്പം പന്ത് കൂടി എത്തിയാല്‍ ടീമില്‍ നാല് വിക്കറ്റ് കീപ്പര്‍മാരാകും ഉണ്ടാകുക. ഇന്ത്യയുടെ നിലവിലെ ബാറ്റിംഗ് ലൈനപ്പില്‍ പന്തിനെ ഉള്‍പ്പെടുത്താന്‍ സാധിക്കുകയുമില്ല. രാഹുല്‍, കാര്‍ത്തിക്, വിജയ് ശങ്കര്‍ എന്നിവരില്‍ ആരെ എങ്കിലും പുറത്തിരുത്തിയാല്‍ മാത്രമെ പന്തിന് സ്ഥാനമുള്ളൂ.

ഓള്‍ റൌണ്ടറായ വിജയ് ശങ്കറിനെ പുറത്തിരുത്താനുള്ള സാധ്യതയില്ല. വേണ്ടിവന്നാല്‍ ബാറ്റിംഗ് ഓര്‍ഡറില്‍ നാലാമത് ഇറങ്ങേണ്ട ചുമതല ധോണിക്കാണ്, അങ്ങനെ വന്നാല്‍ ഫിനിഷറുടെ റോള്‍ കാര്‍ത്തിക്കിനാകും.  ഇവിടെ കാര്‍ത്തിക്കിന് പിഴച്ചാല്‍ മാത്രമാണ് പന്തിന് മറ്റൊരു ചാന്‍‌സ് ലഭിക്കൂ. മുതിര്‍ന്ന താരമെന്ന പരിഗണന കാര്‍ത്തിക്കിന് ഇവിടെയും തുണയാകാന്‍ സാധ്യതയുണ്ട്.

രാഹുല്‍ തിളങ്ങാതെ വന്നാല്‍ പന്തിന് സ്ഥാനം കല്‍പ്പിക്കാന്‍ കഴിയുമെന്ന് വാദിക്കാമെങ്കിലും നാലാം നമ്പര്‍ അടിച്ചു കളിക്കാനുള്ള ബാറ്റിംഗ് പൊസിഷനല്ല. ടീമിനെ ഭദ്രമായ നിലയിലെത്തിക്കുകയാണ് ഈ പൊസിഷന്റെ ഡ്യൂട്ടി. അക്കാര്യത്തില്‍ പന്തിന് എത്ര കണ്ട് വിജയം കാണാന്‍ സാധിക്കുമെന്ന് കോഹ്‌ലിക്ക് പോലും ഉറപ്പില്ല. 15 അംഗ ലോകകപ്പ് സ്‌ക്വാഡില്‍ പന്തിന് പകരം കാര്‍ത്തിക്ക് മതിയെന്ന് വാദിക്കാന്‍ കോഹ്‌ലിയെ പ്രേരിപ്പിച്ചതും ഇക്കാരങ്ങളാണ്.

ഭൂരിഭാഗം ആരാധകരുടെ ആഗ്രഹവും പന്ത് ടീമില്‍ വേണമെന്നാണിരിക്കെ ജാദവിന്റെ പരുക്ക് ഗുരുതര സ്വഭാവമുള്ളതാണോ, ലോകകപ്പ് കളിക്കാന്‍ താരത്തിന് സാധിക്കുമോ എന്ന കാര്യത്തില്‍ ബി സി സി ഐ നിലപാടറിയിച്ചാല്‍ മാത്രമേ പന്തിന് ഇംഗ്ലണ്ടിലേക്ക് പറക്കാന്‍ കഴിയൂ എന്നതാണ് വാസ്‌തവം.

ഈ മാസം 22ന് ഇന്ത്യ ലോകകപ്പ് മത്സരങ്ങള്‍ക്കായി ഇംഗ്ലണ്ടിലേക്ക് വിമാനം കയറും. അതിന് മുമ്പായി ജാദവിന്റെ പരുക്ക് ഭേദമായില്ലെങ്കില്‍ പന്ത് ടീമിനൊപ്പം ചേര്‍ന്നേക്കുമെന്നതില്‍ സംശയമില്ല. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പന്തിന് മുമ്പേ പരിഗണിക്കേണ്ടത് റെയ്നയെ; ചർച്ചകൾ സജീവം