കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അവരുടെ സ്വന്തം തട്ടകത്തിലെത്തി തോല്‍പ്പിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സ്. ഈ സീസണില്‍ മുംബൈയ്‌ക്കെതിരെ ഏറ്റുമുട്ടിയ രണ്ട് മത്സരങ്ങളിലും സിഎസ്‌കെ പരാജയം സമ്മതിക്കുകയായിരുന്നു.
ചെന്നൈയുടെ ഹോം ഗ്രൌണ്ടായ ചെപ്പോക്കില്‍ ജയം നേടാന്‍ സാധിച്ചതിന് കാരണം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുംബൈ നായകന്‍ രോഹിത് ശര്‍മ്മ.
സൂപ്പര്‍താരം മഹേന്ദ്ര സിംഗ് ധോണി കളിക്കാതിരുന്നതാണ് മുംബൈക്ക് കാര്യങ്ങള്‍ അനുകൂലമാക്കിയതും ജയം സ്വന്തമാക്കാന്‍ വഴിയൊരുക്കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ധോണിയുടെ അഭാവം ചെന്നൈ ടീമിനെ വലിയ തോതില്‍ ബാധിച്ചു. അവരുടെ കരുത്തും ആത്മവിശ്വാസം ധോണിയാണ്. അദ്ദേഹം കളിക്കാതിരുന്നത് മുംബൈയ്‌ക്ക് നേട്ടമായി. ധോണിഭായ് കൂടെ ഇല്ലെങ്കില്‍ അവരുടെ കരുത്ത് ചോരും. ലക്ഷ്യത്തിലെത്താന്‍ പ്രയാസപ്പെടും.
ടോസ് ചെന്നൈ നേടിയത് ഗുണകരമായി. ബാറ്റിങ്ങ് ആണെങ്കിലും ബൗളിങ് ആണെങ്കിലും നന്നായി തുടങ്ങണമെന്ന് ഞങ്ങള്‍ ഓരോരുത്തരും കരുതിയിരുന്നു. ഓരോ ടീമംഗത്തിന്റേയും കഠിനധ്വാനത്തിന്റെ വിജയമാണിതെന്നും രോഹിത് പറഞ്ഞു.
അതേസമയം, ബാറ്റിംഗിലെ പിഴവാണ് തോല്‍വിക്ക് കാരണമായതെന്ന് ധോണിക്ക് പകരം ടീമിനെ നയിച്ച സുരേഷ് റെയ്‌ന പറഞ്ഞു. ഇടവേളകളില്‍ വിക്കറ്റ് നഷ്‌ടമായി കൊണ്ടിരിന്നു. പവര്‍പ്ലേയും മധ്യഓവറുകളിലും വിക്കറ്റുകള്‍ വീണു. തോല്‍വിയുടെ കാരണക്കാര്‍ ബാറ്റിംഗ് നിരയാണെന്നും അദ്ദേഹം പറഞ്ഞു.