ആവേശം അവസാന പന്തുവരെ നീണ്ടുനിന്ന ഫൈനലിനൊടുവില്‍ മുംബൈ ഇന്ത്യന്‍സ് ഐ പി എല്‍ കിരീടം ഏറ്റുവാങ്ങി. കുട്ടി ക്രിക്കറ്റിന്റെ സൌന്ദര്യമെല്ലാം ആവാഹിച്ചെടുത്ത മത്സരത്തില്‍ എവിടെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് പിഴച്ചതെന്ന ചോദ്യം ശക്തമാണ്. മുംബൈ ആരാധകര്‍ പോലും ഇക്കാര്യത്തില്‍ തലപുകയ്‌ക്കുന്നുണ്ട്.
ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ 59 പന്തില്‍ എട്ടു ഫോറും നാല് സിക്സും സഹിതം 80 റണ്‍സ് അടിച്ചുകൂട്ടിയ ഓപ്പണര്‍ ഷെയ്ന്‍ വാട്സണ്‍ മുബൈ ക്യാമ്പില്‍ നിന്നും മത്സരം വഴിതിരിച്ചു വിട്ടെങ്കിലും ജയത്തിലേക്ക് ആ പോരാട്ടം മതിയായിരുന്നില്ല.
എന്നാല്‍ മുംബൈയെ ജയത്തിലേക്ക് നയിച്ച നിര്‍ണായക ഘടകം മഹേന്ദ്ര സിംഗ് ധോണിയുടെ റണ്ണൗട്ടാണെന്നാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വ്യക്തമാക്കിയത്. ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ 13മത് ഓവറിലാണ് ധോണി പുറത്താകുന്നത്. ലസിത് മലിംഗയുടെ ഓവര്‍ത്രോയില്‍ രണ്ടാം റണ്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതിനിടെ ഇഷാന്‍ കിഷന്റെ നേരിട്ടുള്ള ത്രോയിലാണ് ധോണി റണ്ണൗട്ടാകുന്നത്. ഇതിനു പിന്നാലെയാണ് മുംബൈ മത്സരത്തിലേക്ക് തിരിച്ചെത്തുന്നത്.
ഇതിനിടെ ധോണിയുടെ നിര്‍ണായക വിക്കറ്റില്‍ തീരുമാനമെടുത്ത അമ്പയര്‍ ചെന്നൈയെ ചതിച്ചു എന്നാണ് സി എസ് കെ ആരാധകരുടെ ആരോപണം. മൂന്നാം അമ്പയറുടെ തീരുമാനത്തിനെതിരെ ചെന്നൈ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് നടത്തുന്നത്.
മൂന്നാം അമ്പയര്‍ നീല്‍ ലോംഗ് മിനിറ്റുകളോളം റീപ്ലേ കണ്ടശേഷമാണ് ധോണിയെ ഔട്ട് വിളിച്ചത്. ഒരു ആംഗിളില്‍ ധോണി ക്രിസിനുള്ളില്‍ എത്തിയെന്ന് തോന്നിച്ചപ്പോള്‍ മറ്റൊരു ആംഗിളില്‍ പുറത്താണെന്നാണ് ക്യാമറകളില്‍ നിന്ന് വ്യക്തമായത്. മത്സരത്തിന്റെ ഗതി തന്നെ മാറ്റി മറിക്കുന്ന തീരുമാനമായിരുന്നു ഇത്.
ധോണിയുടെ റണ്ണൗട്ട് വിഷയത്തില്‍ കമന്ററി ബോക്‍സിലും വന്‍ ചര്‍ച്ചകള്‍ നടന്നു. ചെന്നൈ നായകന്‍ ഔട്ടാണെന്ന് സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞപ്പോള്‍ സാധ്യതയില്ലെന്നായിരുന്നു മറ്റ് കമന്ററേറ്റര്‍മാരുടെ നിലപാട്.