ഏകദിന ലോകകപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇന്ത്യന്‍ ടീമിനെ നിരാശയിലാഴ്‌ത്തി കേദാര്‍ ജാദവിന്റെ പരുക്ക്. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരത്തിന്റെ ഇടതുതോളിന് പരുക്കേറ്റത്.
ഈ സീസണില്‍ ഇനി സിഎസ്‌കെയ്‌ക്കായി ജാദവ് കളിക്കാനുളള സാധ്യത വിരളമാണ്. ടീം പരിശീലകന്‍ സ്‌റ്റീഫന്‍ ഫ്ലെമിംഗ് കേദറിന്റെ പരുക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. വിദഗ്ധ ചികിത്സയുടെ ഭാഗമായി എക്‍സറേയും സ്‌കാനിംഗും നടത്തും. ഇതിനു ശേഷമാകും താരം ലോകകപ്പ് കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത കൈവരുക.
പഞ്ചാബിനെതിരായ മത്സരത്തില്‍ ബ്രാവോയുടെ പന്തില്‍ നിക്കോളാസ് പുറാന്‍ ബാറ്റ് ചെയ്യുന്നതിനിടെ പന്ത് ബൌണ്ടറി കടക്കുന്നത് തടയുന്നതിനായി ഡൈവ് ചെയ്യുന്നതിനിടെയാണ് ജാദവിന് പരുക്കേറ്റത്.
ജാദവിന്റെ പരുക്ക് ഗുരുതര സ്വഭാവമുള്ളതാണെങ്കില്‍ സെലക്ഷന്‍ കമ്മിറ്റി സ്‌റ്റാന്‍ഡ് ബൈ താരമായി തെരഞ്ഞെടുത്ത ഋഷഭ് പന്ത് ലോകകപ്പ് ടീമില്‍ എത്തിയേക്കും. ഈ മാസം 22ന് ഇന്ത്യ ലോകകപ്പ് മത്സരങ്ങള്‍ക്കായി ഇംഗ്ലണ്ടിലേക്ക് പറക്കും. അതിന് മുമ്പായി ജാദവിന്റെ പരുക്ക് ഭേദമായില്ലെങ്കില്‍ പന്ത് ടീമിനൊപ്പം ചേര്‍ന്നേക്കും. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
അതേസമയം, ജാദവിന്റെ പരുക്കുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ബി സി സി ഐ തയ്യാറായിട്ടില്ല.