Ajinkya Rahane: 'എല്ലാ പഴികളും ഞാന്‍ ഏല്‍ക്കുന്നു, വളരെ മോശം'; പഞ്ചാബിനെതിരായ തോല്‍വിയില്‍ രഹാനെ
Ajinkya Rahane: അതേസമയം കൊല്‍ക്കത്തയെ 16 റണ്‍സിനു തോല്‍പ്പിച്ച പഞ്ചാബ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോര്‍ പ്രതിരോധിക്കുന്ന ടീമെന്ന നേട്ടം സ്വന്തമാക്കി
Ajinkya Rahane: പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ 111 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കാന്‍ സാധിക്കാത്തതില്‍ സ്വയം പഴിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ അജിങ്ക്യ രഹാനെ. തോല്‍വിയുടെ എല്ലാ ഉത്തരവാദിത്തങ്ങളും പരിഹാസങ്ങളും താന്‍ ഏറ്റെടുക്കുന്നതായി രഹാനെ മത്സരശേഷം പറഞ്ഞു.
' കൂടുതലൊന്നും വിവരിക്കാന്‍ ഇല്ല. അവിടെ എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ എല്ലാവരും കണ്ടു. എല്ലാ പഴികളും ഞാന്‍ ഏറ്റെടുക്കുന്നു. ഞാന്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയത് മോശം ഷോട്ടിനു ശ്രമിച്ചാണ്, അത് ഔട്ടായിരുന്നില്ല എന്നതും ശരിയാണ്. ഞങ്ങളുടെ ബാറ്റിങ് യൂണിറ്റ് അമ്പേ പരാജയമായിരുന്നു. തോല്‍വിയുടെ എല്ലാ ബാധ്യതയും ബാറ്റിങ് യൂണിറ്റിനു തന്നെയാണ്. വളരെ ശക്തരായ പഞ്ചാബ് ബാറ്റിങ് നിരയെ ഞങ്ങളുടെ ബൗളര്‍മാര്‍ 111 ല്‍ ഒതുക്കിയതാണ്. ബാറ്റിങ്ങിനു ദുഷ്‌കരമായ പിച്ചില്‍ ഞങ്ങള്‍ അലക്ഷ്യമായാണ് കളിച്ചത്. ഈ സമയത്ത് ഒരുപാട് കാര്യങ്ങള്‍ എന്റെ ചിന്തയിലൂടെ പോകുന്നു. വളരെ എളുപ്പത്തില്‍ പിന്തുടര്‍ന്ന് ജയിക്കേണ്ടിയിരുന്ന കളിയായിരുന്നു ഇത്,' രഹാനെ പറഞ്ഞു.
അതേസമയം കൊല്‍ക്കത്തയെ 16 റണ്‍സിനു തോല്‍പ്പിച്ച പഞ്ചാബ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോര്‍ പ്രതിരോധിക്കുന്ന ടീമെന്ന നേട്ടം സ്വന്തമാക്കി. ടോസ് ലഭിച്ചു ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ആതിഥേയര്‍ 15.3 ഓവറില്‍ 111 നു ഓള്‍ഔട്ട് ആയി. അനായാസ ജയം ലക്ഷ്യമിട്ട് ഇറങ്ങിയ കൊല്‍ക്കത്തയുടെ ഇന്നിങ്‌സ് 15.1 ഓവറില്‍ 95 നു അവസാനിച്ചു. പഞ്ചാബിനായി നാല് വിക്കറ്റുകള്‍ നേടിയ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ് കളിയിലെ താരം. 72-4 എന്ന നിലയില്‍ ഏറെക്കുറെ വിജയം ഉറപ്പിച്ച ശേഷമാണ് കൊല്‍ക്കത്തയുടെ തകര്‍ച്ച. പിന്നീട് 23 റണ്‍സ് എടുക്കുന്നതിനിടെ ശേഷിക്കുന്ന ആറ് വിക്കറ്റുകളും നഷ്ടമായി.