ഐപിഎല്‍ 2024 സീസണിന്റെ തുടക്കത്തിലെ 8 മത്സരങ്ങളില്‍ ഏഴ് മത്സരങ്ങളിലും പരാജയപ്പെട്ട ടീം എന്ന നാണക്കേടില്‍ നിന്നും അവിശ്വസനീയമായ തിരിച്ചുവരവാണ് ആര്‍സിബി നടത്തിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ കോലിയൊഴികെ ഒരൊറ്റ ബാറ്ററും ആര്‍സിബിക്കായി മികച്ച പ്രകടനം നടത്തിയിരുന്നില്ല. ടി20യില്‍ വെടിക്കെട്ട് പ്രകടനങ്ങള്‍ നടത്തിയിരുന്ന മാക്സ്വെല്ലും ഐപിഎല്ലില്‍ 18 കോടി രൂപ മുടക്കി ടീമിലെത്തിച്ച കാമറൂണ്‍ ഗ്രീനും നിരാശപ്പെടുത്തിയതോടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലേക്ക് തന്നെ ആര്‍സിബി വീഴുമെന്ന് പ്രവചിച്ചവര്‍ ഏറെയാണ്.
ആദ്യമത്സരങ്ങളിലെ മോശം പ്രകടനങ്ങള്‍ തുടര്‍ച്ചയായപ്പോള്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍ റേറ്റഡ് താരമെന്നാണ് മുന്‍ ഇന്ത്യന്‍ താരമായ പാര്‍ഥീവ് പട്ടേല്‍ വിശേഷിപ്പിച്ചത്. കാമറൂണ്‍ ഗ്രീനിന് കൊടുത്ത 18 കോടിയും ചോദ്യം ചെയ്യപ്പെട്ടു. ഇതിനിടെ ആദ്യമത്സരങ്ങളില്‍ തന്നെ താന്‍ ടീമിന് ബാധ്യതയാകുന്നുവെന്ന് മനസിലാക്കിയ മാക്‌സ്വെല്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ടീമില്‍ നിന്നും സ്വയം മാറിനിന്നു. കളിക്കാരല്ല പ്രധാനം ടീമാണെന്ന് ഓസീസ് കളിക്കാരെ പോലെ അറിയുന്നവരാരുണ്ട്. മാക്‌സ്വെല്‍ ടീമിനായി സ്വയം മാറിനിന്നപ്പോള്‍ ടീം മികച്ച പ്രകടനം തന്നില്‍ നിന്നും ആവശ്യപ്പെടുന്ന സമയത്ത് തന്നെ തിരിച്ചെത്താന്‍ കാമറൂണ്‍ ഗ്രീനിനും സാധിച്ചു. ചെന്നൈക്കെതിരായ നിര്‍ണായകമത്സരത്തില്‍ ബാറ്റിംഗിനിറങ്ങിയപ്പോള്‍ 17 പന്തില്‍ 38 റണ്‍സാണ് കാമറൂണ്‍ ഗ്രീന്‍ നേടിയത്. മാക്‌സ്വെല്‍ 5 പന്തില്‍ 16 റണ്‍സിന്റെ കാമിയോ പ്രകടനവും കാഴ്ചവെച്ചു.
ബൗളിംഗിനിറങ്ങിയപ്പോള്‍ ആദ്യ പന്തില്‍ തന്നെ ചെന്നൈ നായകന്‍ റുതുരാജിനെ പുറത്താക്കി എന്തുകൊണ്ടാണ് താന്‍ മാച്ച് വിന്നറാകുന്നതെന്ന് മാക്‌സ്വെല്‍ തെളിയിച്ചു. ചെന്നൈ ബാറ്റര്‍മാരെ വരിഞ്ഞുമുറിക്കിയ മാക്‌സ്വെല്ലിന്റെ സ്‌പെല്ലാണ് മത്സരത്തിന്റെ ടോണ്‍ തന്നെ നിശ്ചയിച്ചത്. നാലോവറില്‍ വെറും 25 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. കാമറൂണ്‍ ഗ്രീന്‍ 2 ഓവറില്‍ 18 റണ്‍സ് നല്‍കിയെങ്കിലും ശിവം ദുബെയുടെ പ്രധാനപ്പെട്ട വിക്കറ്റ് മത്സരത്തില്‍ സ്വന്തമാക്കി.