Ball Tampering allegation against CSK: 'ഖലീല്‍ അഹമ്മദ് എന്തോ രഹസ്യമായി കൈമാറി'; ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരോപണ നിഴലില്‍ !
മത്സരത്തിനിടെ പേസര്‍ ഖലീല്‍ അഹമ്മദ് എന്തോ ഒരു സാധനം നായകന്‍ ഋതുരാജ് ഗെയ്ക്വാദിനു രഹസ്യമായി കൈമാറുന്നുണ്ട്
Chennai Super Kings: ചെന്നൈ സൂപ്പര്‍ കിങ്‌സ് - മുംബൈ ഇന്ത്യന്‍സ് മത്സരം വിവാദത്തില്‍. മത്സരത്തിനിടെ ചെന്നൈ താരങ്ങള്‍ ബോളില്‍ കൃത്രിമം കാണിച്ചെന്ന് ആരോപണം ഉയര്‍ന്നു. ചെന്നൈ നായകന്‍ ഋതുരാജ് ഗെയ്ക്വാദും ബൗളര്‍ ഖലീല്‍ അഹമ്മദുമാണ് സംശയ നിഴലില്‍.
മത്സരത്തിനിടെ പേസര്‍ ഖലീല്‍ അഹമ്മദ് എന്തോ ഒരു സാധനം നായകന്‍ ഋതുരാജ് ഗെയ്ക്വാദിനു രഹസ്യമായി കൈമാറുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ബോളില്‍ കൃത്രിമം കാണിച്ചെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഖലീല്‍ അഹമ്മദ് എന്താണ് ഋതുരാജിനു കൈമാറുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമല്ല. ഖലീല്‍ അഹമ്മദ് നല്‍കുന്ന സാധനം ഋതുരാജ് തന്റെ പോക്കറ്റില്‍ ഇടുകയും ചെയ്യുന്നുണ്ട്.
അതേസമയം ചെന്നൈ താരങ്ങളെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. ബൗള്‍ ചെയ്യാന്‍ പോകുമ്പോള്‍ ഖലീല്‍ അഹമ്മദ് തന്റെ മോതിരം ഊരി ക്യാപ്റ്റനെ ഏല്‍പ്പിച്ചതാണെന്ന് ചെന്നൈ ആരാധകര്‍ പറയുന്നു. കളി തോറ്റ വിഷമത്തില്‍ മുംബൈ ആരാധകര്‍ ആണ് ഈ ദൃശ്യങ്ങള്‍ വിവാദമാക്കിയതെന്നും ചെന്നൈ ആരാധകര്‍ പരിഹസിച്ചു.
ചെന്നൈയില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ആതിഥേയരുടെ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ അഞ്ച് പന്തും നാല് വിക്കറ്റുകളും ശേഷിക്കെ ചെന്നൈ ലക്ഷ്യം കണ്ടു. ചെന്നൈയ്ക്കായി ഖലീല്‍ അഹമ്മദ് നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.