ഐപിഎല്ലില്‍ അരങ്ങേറ്റ മത്സരം കൊണ്ട് മാത്രം ക്രിക്കറ്റ് ലോകത്തെ സംസാരവിഷയമായിരിക്കുകയാണ് ലഖ്‌നൗവിന്റെ യുവപേസര്‍ മായങ്ക് യാദവ്. 156 കിലോ മീറ്റര്‍ വരെ വേഗത്തില്‍ മികച്ച ലൈനിലും ലെങ്തിലും പന്തെറിയാനുള്ള താരത്തിന്റെ കഴിവിലാണ് മുന്‍ ക്രിക്കറ്റര്‍മാരടക്കമുള്ളവര്‍ അമ്പരക്കുന്നത്. നിലവില്‍ ലോകക്രിക്കറ്റില്‍ തന്നെ 156 കിമീ വേഗതയില്‍ സ്ഥിരമായി പന്തെറിയുന്ന ബൗളര്‍മാരില്ലെന്ന് മുന്‍ ഇംഗ്ലണ്ട് നായകനായ മൈക്കല്‍ വോണ്‍ പറയുന്നു. സീസണിലെ ലഖ്‌നൗവിന്റെ കണ്ടെത്തലാണ് മായങ്കെന്നാണ് ഇര്‍ഫാന്‍ പത്താന്‍ പറയുന്നത്.
ഇന്ത്യ തങ്ങളുടെ ഏറ്റവും വേഗതയുള്ള പന്തേറുകാരനെ കണ്ടെത്തിയെന്നും മായങ്കിന്റെ പ്രകടനം മതിപ്പുളവാക്കുന്നതാണെന്നും ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസമായ ബ്രെറ്റ്‌ലി എക്‌സില്‍ കുറിച്ചു. 155.8 കിലോമീറ്റര്‍ വേഗമോ? നീ എവിടെ ഒളിച്ചിരിക്കുകയായിരുന്നുവെന്നാണ് ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസമായ ഡെയ്ല്‍ സ്‌റ്റെയ്ന്‍ കുറിച്ചത്. 155 കിമീ വേഗത്തില്‍ പന്തെറിയുന്ന ഒരു ബൗളര്‍,സന്തോഷം എന്നായിരുന്നു കെവിന്‍ പീറ്റേഴ്‌സന്റെ കമന്റ്. എന്തൊരു പ്രതിഭ എത്രയും വേഗം ഇന്ത്യയ്ക്കായി കളിക്കാനാകട്ടെ എന്നായിരുന്നു ഹര്‍ഭജന്‍ സിംഗിന്റെ പ്രതികരണം.