Delhi Capitals: പടിക്കല്‍ കലമുടച്ച് ഡല്‍ഹി; തുടര്‍ച്ചയായി മൂന്ന് റണ്‍ഔട്ട്
15.3 ഓവറില്‍ 160-6 എന്ന നിലയിലായിരുന്നു ഡല്‍ഹി. 27 പന്തില്‍ നാല് വിക്കറ്റുകള്‍ ശേഷിക്കെ ജയിക്കാന്‍ വേണ്ടിയിരുന്നത് 46 റണ്‍സ് മാത്രം
Delhi Capitals: ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിജയക്കുതിപ്പിനു കടിഞ്ഞാണിട്ട് മുംബൈ ഇന്ത്യന്‍സ്. ഹോം ഗ്രൗണ്ടില്‍ ആദ്യ മത്സരത്തിനു ഇറങ്ങിയ ഡല്‍ഹിയെ 12 റണ്‍സിനു മുംബൈ തോല്‍പ്പിച്ചു.
ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ 19 ഓവറില്‍ 193 നു ഓള്‍ഔട്ടായി. തുടര്‍ച്ചയായി മൂന്ന് റണ്‍ഔട്ടുകള്‍ ഡല്‍ഹിയുടെ തോല്‍വിയുടെ ആക്കം കൂട്ടി. ജയം ഉറപ്പിച്ച ശേഷമാണ് ആതിഥേയര്‍ അലസമായി വിക്കറ്റുകള്‍ വലിച്ചെറിഞ്ഞത്.
15.3 ഓവറില്‍ 160-6 എന്ന നിലയിലായിരുന്നു ഡല്‍ഹി. 27 പന്തില്‍ നാല് വിക്കറ്റുകള്‍ ശേഷിക്കെ ജയിക്കാന്‍ വേണ്ടിയിരുന്നത് 46 റണ്‍സ് മാത്രം. ശേഷിക്കുന്ന വിക്കറ്റുകളില്‍ ഫിനിഷര്‍മാരായ വിപ്രാജ് നിഗവും അഷുതോഷ് ശര്‍മയും ഉണ്ടായിരുന്നു. എന്നാല്‍ പിന്നീടുള്ള 21 പന്തുകള്‍ക്കിടെ ശേഷിക്കുന്ന നാല് വിക്കറ്റുകളും ഡല്‍ഹിക്ക് നഷ്ടമായി. അതില്‍ മൂന്ന് പേരും പുറത്തായത് റണ്‍ഔട്ടിലൂടെ !
അഷുതോഷ് ശര്‍മ (14 പന്തില്‍ 17), കുല്‍ദീപ് യാദവ് (ഒന്ന്), മോഹിത് ശര്‍മ (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് റണ്‍ഔട്ടിലൂടെ നഷ്ടമായത്. നാല് ഓവറില്‍ 36 വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ കരണ്‍ ശര്‍മ മുംബൈയുടെ വിജയത്തില്‍ നിര്‍ണായക സ്വാധീനമായി.
ഹോം ഗ്രൗണ്ടില്‍ ഏറ്റവും കൂടുതല്‍ തോല്‍വി വഴങ്ങുന്ന ടീമെന്ന മോശം റെക്കോര്‍ഡില്‍ ഡല്‍ഹി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പം എത്തി. ഇരു ടീമുകളും ഐപിഎല്ലില്‍ 45 തവണയാണ് ഹോം ഗ്രൗണ്ടില്‍ തോറ്റത്. ഈ സീസണിലെ ഡല്‍ഹിയുടെ ആദ്യ തോല്‍വി കൂടിയാണിത്. തുടര്‍ച്ചയായ നാല് മത്സരങ്ങള്‍ ജയിച്ച ശേഷമാണ് ഡല്‍ഹി മുംബൈയോടു തോല്‍വി സമ്മതിച്ചത്.