Select Your Language

Notifications

webdunia
webdunia
webdunia
webdunia

RCB vs CSK: കോലിയടക്കം ക്യാച്ചുകൾ കൈവിട്ടു, അവസാന ഓവറിൽ നോ ബോൾ കിട്ടിയിട്ടും ചെന്നൈ തോറ്റു, തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധോനി

ഫിനിഷ് ചെയ്യുക തന്റെ ഉത്തരവാദിത്തമായിരുന്നുവെന്നും അതിന് സാധിച്ചില്ലെന്നും ധോനി

Chennai Super Kings

അഭിറാം മനോഹർ

, ഞായര്‍, 4 മെയ് 2025 (09:23 IST)
Chennai Super Kings
റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ഇന്നലെ നടന്ന അവസാന ഓവര്‍ ത്രില്ലര്‍ പോരാട്ടത്തില്‍ 2 റണ്‍സിന്റെ തോല്‍വി വഴങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ടൂര്‍ണമെന്റിലെ ശക്തരായ ടീമിനെതിരായ പോരാട്ടമായിരുന്നതിനാല്‍ മത്സരത്തില്‍ ആര്‍സിബിക്കാണ് ഏറ്റവും സാധ്യത കല്‍പ്പിച്ചിരുന്നത്. ആദ്യ ഓവറുകളില്‍ തന്നെ റണ്‍സ്  ഉയര്‍ത്തികൊണ്ട് ജേക്കബ് ബേഥല്‍- വിരാട് കോലി സഖ്യം മികച്ച തുടക്കമാണ് ആര്‍സിബിക്ക് നല്‍കിയത്. എന്നാല്‍ ഇരുവരും പുറത്തായതിന് ശേഷം മധ്യ ഓവറുകളില്‍ 30 പന്തില്‍ 29 റണ്‍സ് മാത്രമാണ് ആര്‍സിബി നേടിയത്. പതിനെട്ടാം ഓവറില്‍ അഞ്ചാം വിക്കറ്റ് പോകുമ്പോള്‍ ടീം സ്‌കോര്‍ 157 റണ്‍സായിരുന്നു. എന്നാല്‍ അവസാന 2 ഓവറുകളില്‍ നിന്നും അന്‍പതിലേറെ റണ്‍സാണ് ആര്‍സിബി അടിച്ചുകൂട്ടിയത്. ഇതോടെ ചെന്നൈയ്ക്ക് മുന്നിലുള്ള വിജയലക്ഷ്യം 214 റണ്‍സായി.
 
 സാം കറന്‍, ഷെയ്ഖ് റഷീദ് എന്നിവരുടെ വിക്കറ്റുകള്‍ തുടക്കത്തില്‍ നഷ്ടമായെങ്കിലും നാലാമനായി ക്രീസിലെത്തിയ രവീന്ദ്ര ജഡേജയും ഓപ്പണര്‍ ആയുഷ് മാത്രെയും ചേര്‍ന്ന് ചേസിംഗിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 48 പന്തില്‍ 5 സിക്‌സിന്റെയും 9 ബൗണ്ടറുകളുടെയും അകമ്പടിയില്‍ 94 റണ്‍സെടുത്ത ഓപ്പണര്‍ ആയുഷ് മാത്രെ പുറത്താകുമ്പോള്‍ 16.2 ഓവറില്‍ 172 റണ്‍സിന് 3 വിക്കറ്റെന്ന ശക്തമായ നിലയിലായിരുന്നു ചെന്നൈ. ലുങ്കി എങ്കിടി എറിഞ്ഞ പതിനേഴാം ഓവറിലെ മൂന്നാം പന്തില്‍ ഡെവാള്‍ഡ് ബ്രെവിസും പവലിയനിലേക്ക് മടങ്ങി. സ്റ്റമ്പിന് പുറത്തേക്കായി വന്ന പന്തില്‍ എല്‍ബി അപ്പീല്‍ അമ്പയര്‍ അനുവദിചെങ്കിലും റിവ്യൂ ചെയ്യാനുള്ള സമയം ചെന്നൈ പാഴാക്കി. തുടര്‍ന്ന് റിപ്ലേയില്‍ ഇത് ഔട്ടല്ലെന്ന് വ്യക്തമായെങ്കിലും വിലപ്പെട്ട ഒരു വിക്കറ്റ് ചെന്നൈയ്ക്ക് നഷ്ടമായി.
 
 തുടര്‍ന്ന് മഹേന്ദ്ര സിംഗ് ധോനി ക്രീസിലെത്തിയെങ്കിലും പഴയ ഫിനിഷിങ് മികവ് കൈവിട്ട ധോനി 8 പന്തില്‍ 12 റണ്‍സുമായി ടീമിന് ബാധ്യതയാവുകയാണ് ചെയ്തത്. അവസാന ഓവറില്‍ 15 റണ്‍സായിരുന്നു ചെന്നൈയ്ക്ക് വിജയിക്കാനായി വേണ്ടിയിരുന്നത്. യാഷ് ദയാല്‍ എറിഞ്ഞ ആദ്യ പന്തില്‍ ധോനി സിംഗിളെടുത്തു. രണ്ടാം പന്തില്‍ ജഡേജ സിംഗിള്‍ നേടിയതോടെ ധോനി ക്രീസില്‍. മൂന്നാം പന്തില്‍ ധോനി പുറത്ത്. ഇതോടെ മത്സരത്തില്‍ ആര്‍സിബിയുടെ സാധ്യത ഉയര്‍ന്നെങ്കിലും നാലാമത്തെ പന്തില്‍ ശിവം ദുബെയ്ക്ക് നേരെ എറിഞ്ഞത് നോബോളായി മാറി. ഈ പന്തില്‍ സിക്‌സ് കൂടി നേടിയതോടെ 3 പന്തില്‍ നിന്നും 6 റണ്‍സ് മാത്രം വിജയിക്കാനെന്ന നിലയില്‍ ചെന്നൈ.
 
 എന്നാല്‍ ഫ്രീഹിറ്റ് പന്തില്‍ ഒരു റണ്‍സ് മാത്രമാണ് ദുബെ നേടിയത്.  2 പന്തില്‍ വിജയിക്കാന്‍ 5 റണ്‍സ് മാത്രം എന്നാല്‍ അടുത്ത പന്തില്‍ ജഡേജ നേടിയത് സിംഗിള്‍ മാത്രം. അവസാന പന്തില്‍ ശിവം ദുബെയ്ക്കും സിംഗിള്‍ മാത്രമാണ് നേടാനായത്. ഇതോടെ ആയുഷ് മാത്രെയുടെ 94 റണ്‍സ് പ്രകടനവും വെറുതെയായി. മത്സരത്തില്‍ മോശം ഫീല്‍ഡിംഗ് കാരണം ഒട്ടേറെ റണ്‍സും ക്യാച്ചുകളുമാണ് ആര്‍സിബി നഷ്ടപ്പെടുത്തിയത്. അവസാന ഓവറില്‍ വിജയം തളികയില്‍ വെച്ച് നല്‍കിയിട്ടും വിജയിക്കാന്‍ ചെന്നൈയ്ക്കായില്ല. മത്സരശേഷം തോല്‍വിയുടെ ഉത്തരവാദിത്തം ചെന്നൈ നായകന്‍ ധോനി ഏറ്റെടുക്കുകയും ചെയ്തു. ഫിനിഷ് ചെയ്യുക തന്റെ ഉത്തരവാദിത്തമായിരുന്നുവെന്നും അതിന് സാധിച്ചില്ലെന്നും ധോനി തുറന്ന് പറയുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നന്ദിയുണ്ട് മുംബൈ ഒരായിരം നന്ദി, ഡേവിഡിനെയും ഷെപ്പേർഡിനെയും തന്നല്ലോ..