ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ സംബന്ധിച്ചിടത്തോളം അവര്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു സീസണായിരിക്കും ഇത്തവണത്തേത്. ഐപിഎല്‍ മെഗാതാരലേലത്തില്‍ മികച്ച താരങ്ങളെ ടീമിലെടുക്കുന്നതില്‍ മാനേജ്‌മെന്റ് പരാജയപ്പെട്ടതും ധോനിക്ക് ചുറ്റും ഇന്നും കറങ്ങുന്ന ടീമായി നിലനില്‍ക്കുന്നതുമാണ് ഇത്തവണ ചെന്നൈയെ ബാധിച്ചത്.ഫോമില്ലാതെ കഷ്ടപ്പെടുന്ന താരങ്ങളും മത്സരപരിചയമില്ലാത്ത യുവതാരനിരയും ചേര്‍ന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇത്തവണ ടീം ബാലന്‍സ് തന്നെ കണ്ടെത്താന്‍ കഷ്ടപ്പെടുകയാണ്. സീസണിലെ അവസാനിക്കുന്ന അഞ്ച് മത്സരങ്ങളില്‍ ജയിച്ചാലും പ്ലേ ഓഫിലെത്തില്ലെന്നിരിക്കെ പഞ്ചാബ് സൂപ്പര്‍ കിംഗ്‌സിനെതിരെയാണ് ഇന്നത്തെ ചെന്നൈയുടെ മത്സരം. ഇന്ന് തോറ്റാല്‍ ഐപിഎല്‍ പതിനെട്ടാം സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി ചെന്നൈ മാറും.
ചെപ്പോക്കിലെ കോട്ടയെന്ന് വിശേഷണമുള്ള മൈതാനത്ത് പോലും ആശ്വസവിജയം നേടാനാവാതെ കഷ്ടപ്പെടുകയാണ് ഇത്തവണ ചെന്നൈ. ബാറ്റിംഗ് ഓര്‍ഡറില്‍ പോലും ബാലന്‍സ് കണ്ടെത്താന്‍ സാധിക്കാത്ത ചെന്നൈ ഇരുപതോളം താരങ്ങളെ ഈ സീസണില്‍ കളിപ്പിച്ച് കഴിഞ്ഞു. രാഹുല്‍ ത്രിപാഠി, ദീപക് ഹൂഡ, സാം കരണ്‍ തുടങ്ങിയ താരങ്ങളെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. വിദേശതാരങ്ങളായ രചിന്‍ രവീന്ദ്രയും ഡെവോണ്‍ കോണ്‍വെയും നിറം മങ്ങിയതും ചെന്നൈയ്ക്ക് തിരിച്ചടിയായി മാറി. സീസണ്‍ അവസാനിക്കാനിരിക്കെയാണ് ഡെവാള്‍ഡ് ബ്രെവിസിനെ ചെന്നൈ സ്വന്തമാക്കിയത്.
17കാരനായ ആയുഷ് മാത്രെയും, ഡെവാള്‍ഡ് ബ്രെവിസുമെല്ലാം അടുത്ത സീസണില്‍ ചെന്നൈയ്ക്ക് വേണ്ടി തിളങ്ങാന്‍ പോകുന്ന താരങ്ങളാണ് എന്നത് മാത്രമാണ് ഈ സീസണില്‍ ചെന്നൈയ്ക്ക് ആശ്വസിക്കാനുള്ള ഒരു കാര്യം. ശിവം ദുബെ അല്ലാതെ ഒരു താരത്തിന് പോലും സീസണില്‍ 200 റണ്‍സ് തികയ്ക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് മാത്രം മതി ചെന്നൈയുടെ ബാറ്റിംഗ് പരാജയത്തെ കണക്കിലെടുക്കാന്‍. ബൗളിങ്ങില്‍ നൂര്‍ അഹമ്മദ് മാത്രമാണ് സ്ഥിരതയോടെ മികവ് പുലര്‍ത്തുന്നത് എന്നതും ചെന്നൈയെ ബാധിക്കുന്നുണ്ട്.
സീസണില്‍ അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ചെന്നൈ വിജയിച്ചിട്ടുള്ളത്. അതേസമയം പഞ്ചാബിനാകട്ടെ ഇന്ന് നടക്കുന്ന മത്സരത്തില്‍ വിജയിക്കാനായാല്‍ ടോപ് 2 ആയി തന്നെ പ്ലേ ഓഫില്‍ കയറാമെന്ന സാധ്യതയും തുറക്കും. മികച്ച ഫോമിലുള്ള പ്രഭ്‌സിമ്രാന്‍, പ്രിയാന്‍ഷ് ആര്യ തുടങ്ങിയ താരങ്ങളിലാണ് പഞ്ചാബിന്റെ പ്രതീക്ഷ. ശ്രേയസ് അയ്യരെന്ന മികച്ച നായകന്റെ സാന്നിധ്യവും പഞ്ചാബിന് കരുത്ത് നല്‍കുന്നു.