ഐപിഎൽ 2026 സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ഇതിഹാസതാരമായ എം എസ് ധോനി റാഞ്ചിയിലെ ജെഎസ്സിഎ സ്റ്റേഡിയത്തിൽ പരിശീലനം ആരംഭിച്ചു. പ്രായം കേവലം അക്കം മാത്രമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചുകൊണ്ടാണ് ധോനി വീണ്ടും ഐപിഎല്ലിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കുന്നത്. 44കാരനായ ധോനിയുടെ ചെന്നൈയിലെ അവസാന ഐപിഎൽ സീസണാകും ഇത്തവണത്തേത് എന്നാണ് സൂചന.
കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ വെറും 4 വിജയങ്ങൾ മാത്രം നേടി പോയൻ്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായാണ് ചെന്നൈ അവസാനിപ്പിച്ചത്. പഴയ പ്രതാപം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ശക്തമായ നിരയുമായാണ് 2026ൽ ചെന്നൈ എത്തുന്നത്. ചെന്നൈയുടെ മഞ്ഞ പാഡുകളണിഞ്ഞ് നെറ്റ്സിൽ പവർ ഹിറ്റിംഗിലൂടെ പന്തുകളെ അതിർത്തി കടത്തുന്ന ധോനിയുടെ ദൃശ്യങ്ങൾ എതിരാളികൾക്കുള്ള വലിയ മുന്നറിയിപ്പാണ്.
കേവലം ഒരു പരിശീലന സെഷൻ എന്നതിലുപരി, ചെന്നൈയുടെ മഞ്ഞ നിറത്തിലുള്ള പാഡുകൾ ധരിച്ചാണ് ധോണി എത്തിയത് എന്നത് ആരാധകരിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. മലയാളി താരം സഞ്ജു സാംസണെ അടക്കം എത്തിച്ച് ചെന്നൈ ശക്തിപ്പെടുത്തിയെങ്കിലും മൈതാനത്ത് തന്ത്രങ്ങൾ മെനയുന്നതിൽ 2026 സീസണിലും ധോനിയുടെ സാന്നിധ്യമുണ്ടാകുമെന്ന് ഉറപ്പാണ്. ധോനിയുടെ അവസാന സീസണിൽ കിരീടത്തോടെ താരത്തിന് യാത്രയയപ്പ് നൽകാനാവും ഇത്തവണ ചെന്നൈ നിരയുടെ ശ്രമം.