ഐപിഎല്‍ 2024 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകസ്ഥാനത്ത് നിന്നും ധോനി മാറിയതോടെ ഇക്കുറി ആര്‍സിബി,പഞ്ചാബ് കിംഗ്‌സ് ടീമുകളുടെയല്ലാതെ മറ്റെല്ലാ ടീമുകളുടെയും നായകന്മാരായുള്ളത് യുവതാരങ്ങളാണ്. 42കാരനായ ധോനി കഴിഞ്ഞ 23 സീസണുകളിലായി വിരമിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും പൂര്‍വാധികം ശക്തനായി തിരിച്ചെത്തുന്നതാണ് കഴിഞ്ഞ സീസണുകളില്‍ കണ്ടത്. 2021,2023 സീസണുകളില്‍ കപ്പ് നേടി കൊണ്ട് തന്റെ കാലം കഴിഞ്ഞതായുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാനും ധോനിക്കായിട്ടുണ്ട്.
ധോനി ചെന്നൈ നായകസ്ഥാനത്തിന്റെ ബാറ്റണ്‍ കൈമാറുമ്പോള്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടനേട്ടങ്ങളെന്ന റെക്കോര്‍ഡ് ചെന്നൈയുടെ കീഴില്‍ ഭദ്രമാണ്. 2008 സീസണ്‍ മുതല്‍ ചെന്നൈയെ നയിക്കുന്ന ധോനി കഴിഞ്ഞ 16 ഐപിഎല്‍ സീസണുകളില്‍ ടീമിനെ ഫൈനലിലെത്തിച്ചത് 10 തവണയാണ്. ഇതില്‍ അഞ്ച് കിരീടവും ചെന്നൈ സ്വന്തമാക്കി. വിലക്ക് കാരണം 2 സീസണുകളില്‍ ചെന്നൈ കളിച്ചിരുന്നില്ല എന്നത് കൂടി ഈ കണക്കില്‍ പരിഗണിക്കേണ്ടതാണ്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 226 മത്സരങ്ങളിലാണ് ധോനി നയിച്ചിട്ടുള്ളത്. ഇതില്‍ 133 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ 91 മത്സരങ്ങളില്‍ പരാജയപ്പെട്ടു. 14 സീസണുകളില്‍ ചെന്നൈയെ നയിച്ച ധോനി 12 തവണയാണ് ടീമിനെ പ്ലേ ഓഫിലെത്തിച്ചത്. 10 തവണ ടീമിനെ ഫൈനലിലെത്തിക്കാനും ധോനിക്ക് സാധിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ പ്ലേ ഓഫിലെത്തിയ ടീമും ഫൈനല്‍ കളിച്ച ടീമും ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ്.250 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും 38.79 ശരാശരിയില്‍ 5082 റണ്‍സാണ് ധോനിയുടെ പേരിലുള്ളത്. ഐപിഎല്ലില്‍ 23 അര്‍ധസെഞ്ചുറികളുള്ള ധോനിയുടെ ഉയര്‍ന്ന സ്‌കോര്‍ 84 റണ്‍സാണ്. കീപ്പറെന്ന നിലയില്‍ 142 ക്യാച്ചുകളും 42 സ്റ്റമ്പിങ്ങുകളും ധോനിയുടെ പേരിലുണ്ട്.