ഐപിഎല്ലില്‍ ലഖ്‌നൗവിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് രാജസ്ഥാന് വേണ്ടി സഞ്ജു സാംസണും ധ്രുവ് ജുറലും ചേര്‍ന്ന് നടത്തിയത്. 78ന് 3 എന്ന നിലയില്‍ ക്രീസില്‍ ഒന്നിച്ച ഇരുവരും ചേര്‍ന്ന് വിക്കറ്റുകളൊന്നും നഷ്ടപ്പെടുത്താതെയാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്. സഞ്ജുവിന് ഉറച്ച പിന്തുണ നല്‍കിയ ധ്രുവ് ജുറല്‍ മത്സരത്തില്‍ ഐപിഎല്ലിലെ തന്റെ ആദ്യത്തെ അര്‍ധസെഞ്ചുറിയായിരുന്നു ഇന്നലെ സ്വന്തമാക്കിയത്.
മത്സരശേഷം പ്രതികരിക്കവെയാണ് ബാറ്റിംഗിനിടെ സഞ്ജു നല്‍കിയ ഉപദേശത്തെ പറ്റി ജുറല്‍ വ്യക്തമാക്കിയത്. അവസരം ലഭിക്കുമ്പോഴെല്ലാം വിജയം വരെ ബാറ്റ് ചെയ്യാനാണ് ഞാന്‍ ആഗ്രഹിച്ചത്. ഞാന്‍ നന്നായി ഇന്നിങ്ങ്‌സ് ആരംഭിച്ചു. എന്നാല്‍ എന്റെ ഷോട്ടുകള്‍ നേരെ ഫീല്‍ഡറിലേക്കാണ് പോയിരുന്നത്. സഞ്ജു ഭായാണ് അടുത്ത് വന്ന് ശാന്തനാകാനും അധികം ബുദ്ധിമുട്ടുകളില്ലാതെ സമയമെടുത്ത് കളിക്കാനും പറഞ്ഞത്. പന്ത് നോക്കി അടിക്കാനും എന്റെ ഷോട്ടുകള്‍ കളിക്കാനും സഞ്ജു ഭായ് പറഞ്ഞു. പന്ത് വരുന്നതിന് മുന്‍പെ ഷോട്ടിന് വേണ്ടി പ്ലാന്‍ ചെയ്യരുതെന്നും പന്ത് നോക്കി കളിക്കാനും ആവശ്യപ്പെട്ടു. അത് സഹായകമായി. ഒരു ഓവറില്‍ 20 റണ്‍സ് വന്നതോടെ എന്റെ ബാറ്റിംഗിനെ സമ്മര്‍ദ്ദം കുറഞ്ഞു. അതാണ് എന്നെ മുന്നോട്ട് നയിച്ചത്.