ഐപിഎല്‍ 2024 സീസണിലെ ഏറ്റവും വിലയേറിയ താരമെന്ന ലേബലിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ മിച്ചല്‍ സ്റ്റാര്‍ക്ക് ഇത്തവണ ഐപിഎല്ലിനെത്തിയത്. 24.75 കോടി വിലയുള്ള താരത്തിന്റെ പ്രകടനം എങ്ങനെയാകുമെന്നറിയാന്‍ അതിനാല്‍ തന്നെ ആരാധകരും കാത്തിരിപ്പിലായിരുന്നു. എന്നാല്‍ ഇക്കുറി ഐപിഎല്ലില്‍ കളിച്ച 4 മത്സരങ്ങളില്‍ നിന്നും വെറും 2 വിക്കറ്റുകള്‍ മാത്രമാണ് മിച്ചല്‍ സ്റ്റാര്‍ക്ക് സ്വന്തമാക്കിയത്. 11 ഇക്കോണമി നിരക്കില്‍ 77 റണ്‍സാണ് താരം വിട്ടുകൊടുത്തത്.
നാല് മത്സരങ്ങളില്‍ സ്റ്റാര്‍ക്ക് നിരാശപ്പെടുത്തിയെങ്കിലും പൂര്‍ണ്ണമായ പിന്തുണയാണ് താരത്തിന് ടീം മെന്ററായ ഗൗതം ഗംഭീര്‍ നല്‍കുന്നത്. ടി20 ക്രിക്കറ്റില്‍ ബൗളര്‍മാര്‍ അടിവാങ്ങുന്നത് സാധാരണമാണെന്നും ടീമിന്റെ വിജയങ്ങളാണ് എപ്പോഴും പ്രധാനപ്പെട്ടതെന്നും ഗംഭീര്‍ പറയുന്നു. ഇതൊരു ടീം സ്‌പോര്‍ട്ടാണ്. വിജയങ്ങള്‍ മാത്രമാണ് പ്രധാനം. കളിക്കാര്‍ക്ക് മോശം ദിവസങ്ങളും നല്ല ദിവസങ്ങളും ഉണ്ടാകും. ടീമാണ് വിജയിക്കേണ്ടത്. ആദ്യ നാല് കളികളില്‍ മികച്ച പ്രകടനം കൊല്‍ക്കത്തയ്ക്ക് നടത്താനായിട്ടുണ്ട്. സ്റ്റാര്‍ക്ക് എത്രമാത്രം അപകടകാരിയാണെന്ന് നമുക്കറിയാം. വെറും നാല് മത്സരങ്ങളാണ് പൂര്‍ത്തിയായത്. നാല് മത്സരങ്ങള്‍ കൊണ്ട് അയാളോരു മോശം ബൗളറാകുന്നില്ല. സ്റ്റാര്‍ക്കിന് എന്ത് ചെയ്യാനാകുമെന്ന് എനിക്കറിയാം. വരും മത്സരങ്ങളില്‍ നിങ്ങള്‍ക്കത് കാണാനാകും. ഗംഭീര്‍ പറഞ്ഞു.