ഐപിഎല്ലില്‍ ഇന്ന് ചെന്നൈ- ഗുജറാത്ത് പോരാട്ടം. 11 മത്സരങ്ങളില്‍ 6 എണ്ണത്തില്‍ വിജയിച്ച് നില്‍ക്കുന്ന ചെന്നൈയ്ക്ക് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്. ആദ്യ നാലിലുള്ള ടീമാണെങ്കിലും ഇന്ന് വിജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ചെന്നൈയ്ക്ക് സാധിക്കും. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരമെങ്കിലും ബാറ്റിംഗിലും ബൗളിംഗിലും ചെന്നൈയ്ക്ക് മുന്‍തൂക്കമുണ്ട്. എങ്കിലും ഒന്നും നഷ്ടപ്പെടാനില്ലാത്ത ഗുജറാത്തിനെ എഴുതിതള്ളനാവില്ല.
മതീഷ പതിരാന, മുസ്തഫിസുര്‍ എന്നിവരില്ലാത്ത ചെന്നൈ ബൗളിംഗ് ദുര്‍ബലമാണ്. എന്നാല്‍ പഞ്ചാബിനെതിരെ കഴിഞ്ഞ മത്സരത്തില്‍ ഇരുവരുടെയും അഭാവം ടീമിനെ ബാധിച്ചിരുന്നില്ല. പഞ്ചാബിനെ 139 റണ്‍സിന് പിടിച്ചുകെട്ടാന്‍ കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയ്ക്ക് സാധിച്ചിരുന്നു. തുഷാര്‍ ദേഷ്പാണ്ഡെയായിരുന്നു കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ നിരയില്‍ തിളങ്ങിയത്.
ബാറ്റിംഗില്‍ റുതുരാജ് ഗെയ്ക്ക്വാദ് മാത്രമാണ് ഫോമിലുള്ളത്. ആദ്യ മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയിരുന്ന ശിവം ദുബെയ്ക്ക് കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ തിളങ്ങാനായിട്ടില്ല. അതേസമയം ഗുജറാത്ത് നിരയില്‍ ബാറ്റിംഗില്‍ സായ് സുദര്‍ശന്‍ ഒഴികെ ആര്‍ക്കും തന്നെ തിളങ്ങാനായിട്ടില്ല. സുദര്‍ശന്‍ റണ്‍സ് നേടുന്നുണ്ടെങ്കിലും മോശം സ്‌ട്രൈക്ക് റേറ്റ് ടീമിന് ഗുണം ചെയ്യുന്നില്ല. ശുഭ്മാന്‍ ഗില്‍,ഡേവിഡ് മില്ലര്‍ എന്നിവരും മോശമായതോടെ ഗുജറാത്ത് ബാറ്റിംഗ് ശോകമാണ്. ബൗളിംഗില്‍ റാഷിദ് ഖാനും ഈ സീസണില്‍ കാര്യമായൊന്നും ചെയ്യാനായിട്ടില്ല.