സെലക്ടര്‍മാരുടെ കാലില്‍ വീഴാത്തതിന് തന്നെ ടീമില്‍ നിന്നും തഴഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്ററുമായ ഗൗതം ഗംഭീര്‍. ഇന്ത്യന്‍ താരമായ ആര്‍ അശ്വിന്റെ യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് ഗംഭീറിന്റെ വെളിപ്പെടുത്തല്‍.
12-13 വയസ് പ്രായമുള്ളപ്പോള്‍ അണ്ടര്‍ 14 ടൂര്‍ണമെന്റിലേക്ക് എനിക്ക് സെലക്ഷന്‍ കിട്ടിയില്ല. കളി കാണാനായി വന്ന സെലക്ടര്‍മാരില്‍ ഒരാളുടെ കാല്‍ക്കല്‍ വീണ് നമസ്‌കരിക്കാത്തതാണ് കാരണമെന്ന് പിന്നീടാണ് ഞാന്‍ അറിഞ്ഞത്. ഞാന്‍ ആരുടെയും കാലു പിടിക്കാന്‍ നില്‍ക്കില്ലെന്നും എന്റെ കാലു പിടിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അന്ന് താന്‍ തീരുമാനിച്ചതാണെന്നും ഗംഭീര്‍ പറയുന്നു. കരിയറിന്റെ തുടക്കത്തില്‍ പരാജയം മാത്രമായിരുന്നു എനിക്കുണ്ടായിരുന്നത്. അണ്ടര്‍ 16ലും അണ്ടര്‍ 19ലും രഞ്ജിയിലും രാജ്യാന്തര ക്രിക്കറ്റിലും എല്ലാം അങ്ങനെയായിരുന്നു. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തിലുള്ള ഞാന്‍ എന്തിനാണ് ക്രിക്കറ്റ് കരിയറായി എടുത്തതെന്ന് പലരും ചോദിച്ചിരുന്നു. അച്ഛന്റെ ബിസിനസ് നോക്കി നടത്തിക്കൂടെ എന്നുള്ള ചോദ്യങ്ങളെ തിരുത്തുക എന്നതായിരുന്നു ഞാന്‍ ആദ്യം നേരിട്ട വെല്ലുവിളി.
താന്‍ ഐപിഎല്ലില്‍ കൂടെ പ്രവര്‍ത്തിച്ചവരില്‍ ഏറ്റവും നല്ല ഉടമ ഷാറൂഖ് ഖാന്‍ ആണെന്നും ഗംഭീര്‍ പറയുന്നു. കൊല്‍ക്കത്തയുടെ നായകനായിരുന്ന 7 വര്‍ഷക്കാലം ഷാറൂഖും ഞാനും തമ്മില്‍ 70 സെക്കന്‍ഡിലധികം ക്രിക്കറ്റിനെ പറ്റി സംസാരിച്ചിട്ടില്ല. ഇങ്ങനെയൊന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാകുമോ. ഗംഭീര്‍ ചോദിച്ചു.