ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൂറ്റന്‍ വിജയം സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് സ്വന്തമാക്കിയത്. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന്റെ ഇന്നിങ്ങ്‌സ് 120 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
നാല് കളികളില്‍ മൂന്ന് തോല്‍വി വഴങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിലവില്‍ പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്താണ്. 2 കളികളില്‍ രണ്ടിലും ജയിച്ച പഞ്ചാബ് കിംഗ്‌സാണ് പട്ടികയില്‍ ഒന്നാമത്. ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് രണ്ടാം സ്ഥാനത്ത്.
കൊല്‍ക്കത്തെയ്‌ക്കെതിരെ 201 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്‌സിന് തുടക്കം തന്നെ പിഴയ്ക്കുകയായിരുന്നു. പവര്‍ പ്ലേയില്‍ തന്നെ വിക്കറ്റുകള്‍ തുടരെ വീണതോടെ പേരുകേട്ട ഹൈദരാബാദ് ബാറ്റിംഗ് നിര ഒന്നാകെ തകര്‍ന്നു. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡ് നാല് റണ്‍സും അഭിഷേക് ശര്‍മ 2 റണ്‍സുമാണ് നേടിയത്. 20 പന്തില്‍ 27 റണ്‍സുമായി കമിന്ദു മെന്‍ഡിസും 21 പന്തില്‍ 33 റണ്‍സുമായി ഹെന്റിച്ച് ക്ലാസനും മാത്രമാണ് ഹൈദരാബാദ് നിരയില്‍ അല്പമെങ്കിലും പിടിച്ചുനിന്നത്.