ഈ ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർമാരുടെ പട്ടികയെടുത്താൽ അതിൻ്റെ ആദ്യ അഞ്ചിൽ ഡൽഹി നായകൻ ഡേവിഡ് വാർണറുടെ പേരും ഉൾപ്പെടും. എന്നാൽ പ്രകടനത്തിൻ്റെ കാര്യം പരിശോധിക്കുകയാണെങ്കിൽ താരം നേടുന്ന റൺസ് കൊണ്ട് ടീമിന് യാതൊരു ഉപകാരവും ലഭിക്കാത്ത സ്ഥിതിയാണ്.
റൺസ് എത്രനേടുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലല്ല ഒരു താരത്തിൻ്റെ ഫോം പരിശോധിക്കപ്പെടേണ്ടത് എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് വാർണർ. പേസർമാരെന്നും സ്പിന്നർമാരെന്നും വേർതിരിവില്ലാതെ ബോളുകൾ അതിർത്തിവര പായിക്കുന്ന പഴയ വാറുണ്ണിയുടെ നിഴൽ പോലുമല്ല ഇന്ന് ഡേവിഡ് വാർണർ.പന്ത് കൃത്യമായി കണക്ട് ചെയ്യാതെ ക്രീസിൽ പ്രയാസപ്പെടുന്ന വാർണർ അയാളുടെ സുവർണ്ണകാലം കണ്ട ആരാധകർക്ക് നോവുന്ന കാഴ്ചയാണ്.
ഐപിഎല്ലിൽ 45 പന്തിൽ നിന്നും താരം സ്ഥിരമായി 50 കടക്കുകയാണെങ്കിൽ പോലും മത്സരത്തിൽ യാതൊരു ഇമ്പാക്ടും സൃഷ്ടിക്കാതെയാണ് വാർണർ കടന്നുപോകുന്നത്. തുടക്കം മുതൽ ആക്രമിച്ചു കളിക്കുക എന്നതിലേക്ക് ടി20 ക്രിക്കറ്റ് പൂർണ്ണമായും മാറാനൊരുങ്ങുമ്പോൾ ഒരറ്റം ഹോൾഡ് ചെയ്യുന്ന താരത്തിൻ്റെ പ്രധാന്യം ചോദ്യം ചെയ്യപ്പെടുകയാണ്. ഐപിഎൽ ചരിത്രത്തിൽ വാർണറോളം സ്ഥിരത പുലർത്തിയ മറ്റൊരു വിദേശതാരമില്ല. എങ്കിലും അടുത്ത ഐപിഎൽ സീസണിൽ വാർണർക്ക് ടി20യിൽ എന്ത് പ്രധാന്യമാകും ഉണ്ടാകുക എന്നത് കണ്ടറിയേണ്ട കാര്യമാണ്.