Mumbai Indians: ആരും അപ്പീല്‍ ചെയ്തില്ല, ഔട്ടാണെന്ന് അംപയര്‍; വേഗം കയറിപ്പോയി ഇഷാന്‍ കിഷന്‍ (വീഡിയോ)
സണ്‍റൈസേഴ്‌സ് ഹൈദരബാദ് ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവം
Mumbai Indians: ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കു തുടക്കമിട്ട് ഇന്നലെ നടന്ന മുംബൈ ഇന്ത്യന്‍സ് - സണ്‍റൈസേഴ്‌സ് ഹൈദരബാദ് മത്സരം. ബൗളിങ് ടീം അപ്പീല്‍ ചെയ്യാതെ അംപയര്‍ വിക്കറ്റ് അനുവദിച്ചതാണ് വിവാദമായിരിക്കുന്നത്. 'അംപയര്‍മാര്‍ക്ക് മുംബൈ ഇന്ത്യന്‍സിനോടു ഇത്ര സ്‌നേഹമുണ്ടോ' എന്നാണ് വിവാദ വിക്കറ്റ് വീഡിയോയ്ക്കു താഴെ ഐപിഎല്‍ പ്രേമികളുടെ കമന്റ്.
സണ്‍റൈസേഴ്‌സ് ഹൈദരബാദ് ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവം. മുംബൈ ഇന്ത്യന്‍സിനായി മൂന്നാം ഓവര്‍ എറിയാനെത്തിയത് ദീപക് ചഹര്‍ ആണ്. ഇഷാന്‍ കിഷന്‍ ആയിരുന്നു ക്രീസില്‍. ചഹറിന്റെ ലെങ്ത് ഡെലിവറി ഇടംകൈയന്‍ ബാറ്ററായ ഇഷാന്‍ കിഷന്റെ ലെഗ് സൈഡിലൂടെ കടന്നുപോയി. ഒറ്റനോട്ടത്തില്‍ ബാറ്റില്‍ തട്ടിയിട്ടില്ലെന്ന് തോന്നും വിധമാണ് ബോളിന്റെ സഞ്ചാരദിശ. ഈ പന്ത് നേരെ വിക്കറ്റ് കീപ്പര്‍ റിയാന്‍ റിക്കല്‍ട്ടന്റെ കൈകളില്‍ എത്തി.
അടുത്ത പന്തെറിയാനായി ദീപക് ചഹര്‍ തിരിഞ്ഞു നടക്കുന്നതിനിടെയാണ് അപ്രതീക്ഷത സംഭവങ്ങള്‍ അരങ്ങേറിയത്. ചഹര്‍ എറിഞ്ഞ പന്ത് വിക്കറ്റ് കീപ്പറുടെ കൈകളില്‍ എത്തിയതിനു പിന്നാലെ അംപയര്‍ വിനോദ് ശേഷന്‍ കൈ പകുതി ഉയര്‍ത്ത് ഔട്ടാണെന്ന ആംഗ്യം കാണിച്ചു. എന്നാല്‍ ഈ സമയത്തൊന്നും മുംബൈ താരങ്ങള്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്തില്ല. അംപയറുടെ കൈകള്‍ പകുതി ഉയര്‍ന്നത് കണ്ടതോടെ ബൗളര്‍ ദീപക് ചഹര്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്യുകയും അംപയര്‍ അത് ഔട്ട് വിളിക്കുകയും ചെയ്തു.
അംപയറുടെ കൈകള്‍ ഉയരുമ്പോഴേക്കും ഇഷാന്‍ കിഷന്‍ കളം വിട്ടത് അതിനേക്കാള്‍ അതിശയമായി. ഓണ്‍ഫീല്‍ഡ് അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ പോലും ഇഷാന്‍ തയ്യാറായില്ല. മുന്‍ ടീമായ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഇഷാന്‍ കിഷന്‍ തന്റെ വിക്കറ്റ് ദാനം ചെയ്‌തെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ പരിഹാസം.