ഐപിഎല്ലില്‍ കെ എല്‍ രാഹുല്‍ നടത്തുന്ന പ്രകടനങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശ്വാസം നല്‍കുന്നതാണെന്ന് വെറ്ററന്‍ ഇന്ത്യന്‍ താരമായ ചേതേശ്വര്‍ പുജാര. ഇന്ത്യയ്ക്കായി 3 ഫോര്‍മാറ്റുകളിലും മികച്ച പ്രകടനം നടത്താന്‍ കഴിവുള്ള താരമാണെന്നും ഐപിഎല്ലില്‍ ഒന്ന് പതറികൊണ്ടാണ് തുടങ്ങിയതെങ്കിലും കെ എല്‍ രാഹുല്‍ തന്റെ താളം വീണ്ടെടുത്തെന്നും പുജാര പറയുന്നു.
നിലവിലെ ഫോമില്‍ ഡല്‍ഹിക്കായും ഇന്ത്യയ്ക്കായും പലതും ചെയ്യാന്‍ രാഹുലിനാകും. രാഹുലിന്റെ ബാറ്റിംഗ് പഴയതിലും പക്വത ആര്‍ജിച്ചിട്ടുണ്ട്. അവന്‍ കളിയെ കൂടുതല്‍ നന്നായി മനസിലാക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. കഴിഞ്ഞ സീസണുകളില്‍ കണ്ട രാഹുലിനെയല്ല ഇപ്പൊള്‍ കാണാനാവുന്നതെന്നും മികച്ച ഫോമില്‍ കളിക്കുന്ന കെ എല്‍ രാഹുല്‍ 3 ഫോര്‍മാറ്റിലും ഇന്ത്യയ്ക്ക് ആശ്രയിക്കാവുന്ന താരമാണെന്നും പുജാര പറഞ്ഞു.
അതേസമയം ക്യാപ്റ്റന്‍സിയുടെ അമിതഭാരം മാറ്റിവെച്ചതാണ് രാഹുലിന്റെ പുതിയ മാറ്റത്തിന് കാരണമെന്ന് മുന്‍ ഇംഗ്ലണ്ട് താരം നിക്ക് നൈറ്റ് അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ ബാറ്ററെന്ന നിലയില്‍ ലഭിക്കുന്ന സ്വാതന്ത്ര്യം രാഹുലിന് ഉപയോഗപ്പെട്ടെന്നും റിഷഭ് പന്തിനും സമാനമായ സ്വാതന്ത്ര്യം നല്‍കാനാണ് ലഖ്‌നൗ ശ്രമിക്കേണ്ടതെന്നും നിക്ക് നൈറ്റ് പറഞ്ഞു.