Jasprit Bumrah: 'വന്നെടാ മക്കളേ ബുമ്ര'; കോലിയുടെ ടീമിനെ തോല്‍പ്പിക്കാന്‍ ഇന്നിറങ്ങും
ജസ്പ്രിത് ബുമ്ര തിരിച്ചെത്തുന്ന ആവേശത്തിലാണ് മുംബൈ ഇന്ത്യന്‍സ്
Jasprit Bumrah: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു vs മുംബൈ ഇന്ത്യന്‍സ് മത്സരം ഇന്ന്. ഇന്ത്യന്‍ സമയം രാത്രി 7.30 ന് മുംബൈ വാങ്കഡെയിലാണ് മത്സരം.
ജസ്പ്രിത് ബുമ്ര തിരിച്ചെത്തുന്ന ആവേശത്തിലാണ് മുംബൈ ഇന്ത്യന്‍സ്. ഈ സീസണില്‍ ആദ്യമായാണ് ബുമ്ര മുംബൈ ഇന്ത്യന്‍സിനായി കളിക്കുന്നത്. പരുക്കിനു ശേഷം വിശ്രമത്തിലായിരുന്ന ബുമ്ര പൂര്‍ണ കായികക്ഷമത വീണ്ടെടുത്തു.
ബുമ്ര ടീമിനൊപ്പം പരിശീലനം നടത്തുന്ന വീഡിയോ മുംബൈ ഇന്ത്യന്‍സ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. കിടിലന്‍ യോര്‍ക്കറില്‍ മുംബൈ ബാറ്ററുടെ വിക്കറ്റ് തെറിപ്പിക്കുന്ന ബുമ്രയെ വീഡിയോയില്‍ കാണാം. ബുമ്ര ഇന്ന് മുംബൈയ്ക്കായി കളിക്കുമെന്ന് പരിശീലകന്‍ മഹേള ജയവര്‍ധനെ അറിയിച്ചു.
ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് ബുമ്രയ്ക്ക് പരുക്കേറ്റത്. പരുക്ക് ഗുരുതരമായതിനാല്‍ ഏതാണ്ട് മൂന്ന് മാസത്തിലേറെയായി താരം വിശ്രമത്തിലായിരുന്നു. ചാംപ്യന്‍സ് ട്രോഫിയും ഇംഗ്ലണ്ടിനെതിരായ പരമ്പരയും ബുമ്രയ്ക്കു നഷ്ടമായിരുന്നു.
ഈ സീസണില്‍ മുംബൈ നാല് കളികളില്‍ മൂന്നിലും തോറ്റു. ബുമ്ര തിരിച്ചെത്തുന്നതോടെ മുംബൈ താളം കണ്ടെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.