Publish Date: Mon, 26 May 2025 (21:00 IST)
Updated Date: Mon, 26 May 2025 (21:02 IST)
ഐപിഎല്ലില്‍ തുടരുമോ, ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുമോ എന്നീ ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാതെ വീണ്ടുമൊരു ഐപിഎല്‍ സീസണ്‍ കൂടി അവസാനിപ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോനി. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടന്ന അവസാന ലീഗ് മത്സരത്തിന് പിന്നാലെ ധോനി സംസാരിച്ചെങ്കിലും വിരമിക്കല്‍ അടക്കമുള്ള അഭ്യൂഹങ്ങളോട് പ്രതികരിച്ചില്ല. തിരിച്ചുവരുമെന്നോ ഇല്ലയെന്നോ വ്യക്തമാക്കാതെയാണ് താരം സീസണ്‍ അവസാനിപ്പിച്ചിരിക്കുന്നത്.
അടുത്ത സീസണെ പറ്റി ഇപ്പോള്‍ പറയാനാകില്ല. ഒരു തീരുമാനത്തിലെത്തി ചേരാന്‍ എന്റെ മുന്നില്‍ 4-5 മാസം സമയമുണ്ട്. ഫിറ്റ്‌നസ് നിലനിര്‍ത്തുക എന്നതാണ് ആദ്യ ദൗത്യം. റാഞ്ചിയിലേക്ക് പോയ ശേഷം ആദ്യം വേണ്ടത് വിശ്രമമാണ്. അത് കഴിഞ്ഞാല്‍ കുറച്ച് ബൈക്ക് റൈഡുകള്‍. അത് കഴിഞ്ഞ് വേണം കാര്യങ്ങള്‍ തീരുമാനിക്കാന്‍. ഐപിഎല്ലില്‍ തുടരുമോ ഇല്ലയോ എന്നത് ഇപ്പോള്‍ പറയാന്‍ പറ്റില്ല. പ്രകടനം മാത്രം നോക്കി കളിക്കാര്‍ വിരമിക്കാന്‍ തീരുമാനിച്ചാല്‍ ചിലര്‍ 22 വയസില്‍ തന്നെ കളി മതിയാക്കേണ്ടി വരും. ഒരാളില്‍ എത്രത്തോളം ആവേശമുണ്ട്. കായികക്ഷമതയുണ്ട് എന്നെല്ലാമാണ് പ്രധാനം. എനിക്ക് മുന്നില്‍ ഒരു തീരുമാനത്തിന് ധാരാളം സമയമുണ്ട് ധോനി പറഞ്ഞു. സീസണില്‍ പത്താമതായാണ് മടങ്ങുന്നതെങ്കിലും അവസാന ഐപിഎല്‍ മത്സരത്തില്‍ സീസണിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്തിനെ 83 റണ്‍സിന് പരാജയപ്പെടുത്താന്‍ ചെന്നൈയ്ക്കായിരുന്നു.