ഐപിഎല്‍ പതിനേഴാം സീസണിലും തന്റെ 42മത് വയസില്‍ മാസ് കാമിയോകളുമായി ഞെട്ടിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം മഹേന്ദ്ര സിംഗ് ധോനി. ഈ ഐപിഎല്ലില്‍ 7 തവണ ബാറ്റിംഗിന് ഇറങ്ങിയിട്ടും ഒരിക്കല്‍ പോലും എതിരാളികള്‍ക്ക് ധോനിയെ പുറത്താക്കാനായിട്ടില്ല. അവസാന ഓവറുകളിലെത്തി ബൗളര്‍മാരെ കടന്നാക്രമിച്ച് സ്‌കോര്‍ ഉയര്‍ത്തുക എന്ന റോളാണ് ഈ സീസണില്‍ ധോനി ചെയ്യുന്നത്. പല മത്സരങ്ങളിലും ചെന്നൈ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ ധോനി വലിയ പങ്കാണ് വഹിച്ചത്.
ധോനിയെ നേരത്തെ ക്രീസില്‍ കാണാനാണ് ആരാധകര്‍ ആഗ്രഹിക്കുന്നതെങ്കിലും അവസാന ഓവറുകളില്‍ ധോനി വമ്പന്‍ ഇമ്പാക്ട് സൃഷ്ടിച്ചാണ് മടങ്ങുന്നത്. ഈ സീസണില്‍ 9 ഫോറും 8 സിക്‌സുമടക്കം 96 റണ്‍സാണ് ധോനി നേടിയിട്ടുള്ളതെങ്കിലും ഇതിലെ പല പ്രകടനങ്ങളും ചെന്നൈ വിജയങ്ങളില്‍ നിര്‍ണായകമായിരുന്നു. വിക്കറ്റിന് പിന്നിലും തകര്‍പ്പന്‍ പ്രകടനങ്ങളാണ് ധോനി നടത്തുന്നത്. 37*,1*,1*,20*,28*,4*,5* എന്നിങ്ങനെയാണ് ഈ സീസണിലെ താരത്തിന്റെ പ്രകടനം. 250ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റാണ് ഈ സീസണില്‍ ധോനിക്കുള്ളത്. ഈ പ്രായത്തിലും ധോനിയുടെ ഫിറ്റ്‌നസും ഫിനിഷിംഗ് മികവും ആരാധകരെ ഞെട്ടിപ്പിക്കുന്നതാണ്. റുതുരാജ് ഗെയ്ക്ക്വാദാണ് ചെന്നൈ നായകനെങ്കിലും ഫീല്‍ഡില്‍ ഇപ്പോഴും ധോനിയുടെ കൃത്യമായ ഇടപെടലുകളുണ്ട്.